കൊച്ചി: വേഗനിയന്ത്രണം പിൻവലിച്ചു, മെട്രോ യാത്ര സാധാരണ നിലയിൽ. സിഗ്നലിംഗ് സംവിധാനത്തിലെ തകരാർ മൂലം നടപ്പാക്കിയ വേഗ നിയന്ത്രണമാണ് മാറ്റിയത്. ഇന്നു രാവിലെ മുതൽ സാധാരണ രീതിയിലാണു സർവീസുകൾ നടക്കുന്നത്. സിഗ്നലിംഗ് സംവിധാനം തകരാറിലായതോടെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കൂറോളം നേരം മെട്രോ സർവീസ് നിർത്തിവച്ചിരുന്നു.
നേരത്തെ പ്രളയത്തെതുടർന്ന് മെട്രോയുടെ സാങ്കേതിക സംവിധാനങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 16ന് വൈകുന്നേരം നാലുവരെ സർവീസ് നിർത്തിയിരുന്നു. മുട്ടം യാർഡിൽ വെള്ളം കയറിയതോടെ ഷട്ട്ഡൗണ്‍ ചെയ്ത സിഗ്നലിംഗ് യൂണിറ്റ് തിങ്കളാഴ്ച അർധരാത്രിയിൽ ഓണ്‍ ചെയ്ത് ഇന്നലത്തേയ്ക്കുള്ള സർവീസിനായുള്ള തയാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു.
സാധാരണപോലെ രാവിലെ മുതൽ സർവീസ് നടന്നെങ്കിലും ഉച്ചയ്ക്ക് 12 ഓടെ സിഗ്നലിംഗിലെ തകരാർ മൂലം സർവീസ് നിർത്തിവയ്ക്കേണ്ടി വരികയായിരുന്നു. തുടർന്നു തകരാർ പരിഹരിച്ച് 1.10 ഓടെയാണ് സർവീസ് പുനരാരംഭിച്ചത്. പ്രളയക്കെടുതിയിൽ ദേശീയപാതയിൽ വെള്ളം കയറി റോഡ്മാർഗമുള്ള ഗതാഗതം തടസപ്പെട്ടതോടെ ആലുവയിൽ കുടുങ്ങിയ ആളുകൾക്ക് നഗരത്തിലെത്താൻ സ്റ്റേഷനുകളിൽനിന്ന് സിഗ്നലിംഗ് നിയന്ത്രിച്ച് നാല് ദിവസം മെട്രോ മുടങ്ങാതെ ഓടിച്ചിരുന്നു. വേഗത കുറച്ചായിരുന്നു സർവീസ്.
സ്റ്റേഷനുകളിൽ സിഗ്നലിംഗിനായി പത്തും ഇരുപതും മിനിട്ട് വരെയൊക്കെ നിർത്തിയിടേണ്ടിയും വന്നു. പ്രളയക്കെടുതിയിൽ ദുരിതം നേരിടുന്നവർക്ക് ഏക യാത്രാമാർഗമെന്ന നിലയിൽ സൗജന്യമായാണ് മെട്രോ ഈ ദിവസങ്ങളിൽ സർവീസ് നടത്തിയത്.
ഒപ്പം ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ഭക്ഷണം ശേഖരിച്ച് ആലുവയിൽ എത്തിച്ചുകൊടുത്തും കൊച്ചി മെട്രോ ദുരിതാശ്വാസ, രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം പുനസ്ഥാപിച്ചതോടെ സൗജന്യയാത്രയും പിൻവലിച്ചിരുന്നു.