തിരുവനന്തപുരം: പദ്ധതി ചെലവ് 2310 കോടി രൂപയായി വെട്ടിക്കുറച്ചു കൊണ്ടു കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം. നേരത്തെ കണക്കാക്കിയിരുന്ന 2577.25 കോടിയിൽ നിന്നാണു 2310 കോടിയായി വെട്ടിക്കുറച്ചത്. ഫ്രഞ്ച് ഫണ്ടിംഗ് ഏജൻസിയായ എഎഫ്ഡിയുടെ സഹായത്തോടെയാണ് രണ്ടാംഘട്ട വികസനം.
കലൂർ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കുവരെ 11.2 കിലോമീറ്റർ വരുന്നതാണ് മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി പാതയുടെ സാമൂഹികാഘാത പഠനം നടന്നുവരുകയാണ്. രണ്ടാം ഘട്ടത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 189 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ചെലവ് ഇപ്പോൾ 2310 കോടിയായി ചുരുക്കിയപ്പോൾ കേന്ദ്ര, സംസ്ഥാന ഓഹരി 305.15 കോടിയായി കുറഞ്ഞു. കേന്ദ്ര സംസ്ഥാന ഓഹരിത്തുക കുറച്ചിട്ടുണ്ടെങ്കിലും മൊത്തം ചെലവ് വിഹിതത്തെ ഇതു ബാധിക്കില്ല. ഹ്രസ്വകാല വായ്പ 1270 കോടിയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനായി 93.50 കോടിയാണ് നീക്കിവച്ചിരിക്കുന്നത്.