കൊച്ചി: മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള റീച്ചിലെ വേഗനിയന്ത്രണം മാറ്റിയതോടെ മെട്രോ യാത്രയുടെ വേഗത കൂടി. ഇനി ആലുവയിൽനിന്ന് തൈക്കൂടത്ത് എത്താൻ വെറും 43 മിനിറ്റ് മതി.
മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്കുശേഷമാണു മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള റീച്ചിൽ ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണം നീക്കിയത്. ഇതോടെ ചൊവ്വാഴ്ച മുതൽ മെട്രോ വേഗത കൂട്ടി. പരമാവധി വേഗതയായ 80 കിലോമീറ്റർ വേഗത്തിൽ വരെ മെട്രോ പായുമെന്ന് അധികൃതർ വ്യക്തമാക്കി.
മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ ഉദ്ഘാടനത്തിനുശേഷം മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിനുകൾ സഞ്ചരിച്ചിരുന്നത്. വേഗത വർധിപ്പിച്ചതോടെ 14 മിനിറ്റ് കൂടുന്പോൾ സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം ഏഴു മിനിറ്റായി ചുരുങ്ങി. ആലുവയിൽനിന്ന് തൈക്കൂടംവരെ സഞ്ചരിക്കാൻ നേരത്തെ 53 മിനിറ്റാണ് വേണ്ടിയിരുന്നത്.