കൊച്ചി: കൊച്ചി മെട്രോ സർവീസ് മഹാരാജാസ് കോളജ് സ്റ്റേഷനിൽനിന്നു തൈക്കൂടത്തേക്ക് നീട്ടുന്നതിനു മുന്നോടിയായുള്ള മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെയും സംഘത്തിന്റെയും പരിശോധന ഇന്ന് പൂർത്തിയാകും. ഇന്നലെ രാവിലെ ഒന്പതിന് മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷനിൽനിന്നാണു പരിശോധന ആരംഭിച്ചത്.
കമ്മീഷണർ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ പ്രധാനമായും സ്റ്റേഷനുകളുടെ പരിശോധനയാണ് നടന്നത്. പരിശോധനകൾക്കുശേഷം സംഘം അനുമതി നൽകുന്ന മുറയ്ക്കാകും ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നടത്തുക.
മഹാരാജാസ് സ്റ്റേഷനിൽനിന്നു തൈക്കൂടം വരെ അഞ്ചു സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാതയുടെ നീളം 5.65 കിലോമീറ്ററാണ്. സ്റ്റേഷനുകളുടേതടക്കം നിർമാണ ജോലികളെല്ലാം പൂർത്തിയാക്കി പരീക്ഷണയോട്ടവും കഴിഞ്ഞിരുന്നു. രാജ്യത്ത് മെട്രോയിലെ ആദ്യ കാൻഡിലിവർ പാലം കൂടി ഈ പാതയിൽ ഉൾപ്പെടുന്നുണ്ട്.
സൗത്ത്, കടവന്ത്ര മെട്രോ സ്റ്റേഷനുകൾക്കിടയിൽ തൂണില്ലാതെ അർധവൃത്താകൃതിയിൽ നിർമിച്ച പാലത്തിന് 90 മീറ്ററാണു നീളം. പരീക്ഷണയോട്ടത്തിനിടെ രണ്ടു ട്രെയിനുകൾ ഇവിടെ നിർത്തിയിട്ട് ബലപരിശോധനയും നടത്തിയിരുന്നു.