കൊച്ചി: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ തൈക്കുടം-പേട്ട സെക്ഷനില്‍ പരീക്ഷണ ഓട്ടം നടത്തി. ഏകദേശം ഒന്നര കിലോ മീറ്റര്‍ ദൂരത്ത് ഇന്നു രാവിലെ ഏഴ് മുതല്‍ ഒന്‍പതുവരെയായിരുന്നു പരീക്ഷണ ഓട്ടം. വെറും അഞ്ചു കിലോ മീറ്റര്‍മാത്രം വേഗതയിലായിരുന്നു യാത്ര.
കൊച്ചി മെട്രോയിലെയും ഡിഎംആര്‍സിയിലെയും ഇലക്ട്രിക്കല്‍, ടെക്നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ ഓട്ടം. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണല്‍ ചാക്കുകള്‍ ട്രെയിനില്‍ നിറച്ചായിരുന്നു യാത്ര. പരീക്ഷണയോട്ടം വിജയകരമായിരുന്നതായാണു വിവരം.
പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി തൈക്കുടം-പേട്ട സെക്ഷനിലെ തേഡ് റെയിലിലും അനുബന്ധ കേബിളുകളിലും ഇന്നു പുലര്‍ച്ചെ മുതല്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. റൂട്ടിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
പരീക്ഷണ ഓട്ടം വിജയിക്കുന്നതോടെ അടുത്തമാസം അവസാനത്തോടെ ഈ സെക്ഷനില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മഹാരാജാസ് സ്റ്റേഡിയം – തൈക്കൂടം സെക്ഷന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തത്.