കൊച്ചി: കൊച്ചി മെട്രോയുടെ 17-ാമതു ട്രെയിനും കൊച്ചിയിൽ എത്തി. മൂന്നു കണ്ടെയ്നറുകളിലായി ഇന്നലെ ഉച്ചകഴിഞ്ഞ് എത്തിയ ട്രെയിനിന്റെ ബോഗികൾ വൈകിട്ടോടെ മുട്ടം യാർഡിൽ എത്തിച്ചു. തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയാകുന്പോൾ ഓടിക്കുന്നതിനുള്ള ട്രെയിനാണിത്. ബോഗികൾ കൂട്ടിയോജിപ്പിക്കുന്ന പണികളും തുടർന്ന് ഇലക്ട്രിഫിക്കേഷൻ ജോലികളും ഇന്നു നടക്കും.
അടുത്തവർഷം ജനുവരി ആദ്യം ട്രയൽ റണ് നടത്താനാണ് ആലോചന. ഇതോടൊപ്പം സർവീസ് നടത്തേണ്ട 18-ാമത് ട്രെയിൻ ഈ മാസം അവസാനത്തോടെ എത്തിച്ചേരുമെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. ആദ്യഘട്ടം പൂർത്തിയായി 2019 ജൂൺ അവസാനത്തോടെയേ പൂർണതോതിൽ മെട്രോ ഓടിത്തുടങ്ങൂ.
ആലുവ മുതൽ പേട്ട വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിൽ 25 ട്രെയിനുകളാണ് ഓടിക്കുക. ഇതിൽ 16 ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. പേട്ടവരെയുള്ള നിർമാണം പൂർത്തിയാകുന്നതിനു മുൻപായി എട്ടു ട്രെയിനുകൾ കൂടി എത്തുച്ചേരുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. ആന്ധ്രയിലെ ശ്രീസിറ്റിയിലെ ഫാക്ടറിയിൽനിന്നാണു ട്രെയിൻ ബോഗികൾ കൊണ്ടുവരുന്നത്.
25 കിലോമീറ്റർ ദൂരമുള്ള ആലുവ മുതൽ പേട്ടവരെയുള്ള റീച്ചിൽ 22 സ്റ്റേഷനുകളാണുള്ളത്. ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ ഒൻപത് ട്രെയിനുകളുമായി 2017 മാർച്ചിൽ മെട്രോ സർവീസ് ആരംഭിച്ചു. ഏപ്രിലോടെ മഹാരാജാസ് വരെ സർവീസ് നീട്ടി. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള മെട്രോ നിർമാണം വേഗത്തിൽ പൂർത്തിയായി വരികയാണ്. വയഡക്ടിന്റെ പണികൾ 80 ശതമാനവും പൂർത്തീകരിച്ചു.
അഞ്ചു സ്റ്റേഷനുകളുടെ സിവിൽ വർക്കുകൾ 50 ശതമാനത്തിലേറെ പൂർത്തിയായി. മൂന്നാം റീച്ചിലെ ഏറ്റവും വലിയ സ്റ്റേഷനായ വൈറ്റില ഹബ് സ്റ്റേഷന്റെ നിർമാണവും പുരോഗമിക്കുന്നു. ഇവിടെ 65 ശതമാനത്തോളം പൂർത്തിയായി കഴിഞ്ഞു. മൂന്നു നിലകളിലായി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ് സ്റ്റേഷന്റെ വിസ്തീർണം. സ്ട്രീറ്റ് ലെവലിന് മുകളിലുള്ള നില ഷോപ്പിംഗ് മാൾ മാതൃകയിലാണു ക്രമീകരിക്കുന്നത്. അതിനു മുകളിലുള്ള നിലയിലാണ് കോണ്കോഴ്സ് ലെവലും പ്ലാറ്റ്ഫോമും വരുന്നത്.
വൈറ്റില ഹബിന്റെ രണ്ടാംഘട്ടം കെഎംആർഎൽ ഏറ്റെടുത്തു നടപ്പാക്കുന്നതിനാൽ മെട്രോ സ്റ്റേഷനുമായി ബന്ധപ്പെടുത്തിയാകും പദ്ധതി വിഭാവനം ചെയ്യുക. തൈക്കൂടത്തുനിന്നു പേട്ടവരെയുള്ള റീച്ചിൽ സ്ഥലമെടുപ്പ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനാൽ 2020 മാർച്ചിലേക്കു നീണ്ടേക്കും.