കൊച്ചി: തൃപ്പൂണിത്തുറയിലേക്കുള്ള യാത്രക്കൊരുങ്ങി കൊച്ചി മെട്രോ. നിര്‍മാണം പൂര്‍ത്തിയായ തൃപ്പൂണിത്തുറ-എസ്എന്‍ ജംഗ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് വരെയുള്ള മെട്രോ പാതയില്‍ ഇന്ന് പരീക്ഷണയോട്ടം ആരംഭിക്കും.
രാത്രി 11.30ന് ആദ്യ ട്രയിന്‍ ഓടിക്കുക. തുടര്‍ന്ന് നിശ്ചിത ഇടവേളകളിലും ട്രയല്‍ റണ്‍ ഉണ്ടാകും. പാതയുടെ നിര്‍മാണം സിഗ്നലിംഗ്, ഇലക്ടിക് സംവിധാനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളാണ് ട്രയല്‍ റണ്ണില്‍ പ്രധാനമായും പരിശോധിക്കുക.
എസ്എന്‍ ജംഗ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് വരെ 1.18 കിലോമീറ്ററിന്റെ നിര്‍മാണമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മാണം പൂര്‍ത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായി.
ഒന്നാംഘട്ടം ഫിനിഷ്; 25 സ്റ്റേഷന്
കൊച്ചി മെട്രോ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ പൂര്‍ത്തിയാകുന്നതോടെ സജ്ജമാകുന്നത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപമായാണ് മെട്രോ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്.
ഇതോടെ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള 28.12 കിലോമീറ്ററില്‍ സ്റ്റേഷനുകളുടെ എണ്ണം 25 ആകും. 1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.