കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജോലി നല്കുന്നു എന്ന വാര്‍ത്ത ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കേരളജനത ഏറ്റുവാങ്ങിയത്. ഇതു പ്രകാരം, ഹൗസ് കീപ്പിംഗ്, ടിക്കറ്റിംഗ് സെക്ഷനുകളിലായി 23 ട്രാന്സ്ജെന്ഡേഴ്സിനെ ജോലിക്കായി തെരഞ്ഞെടുത്തു. ഇതില്‍ 12 പേര് മാത്രമേ ജോലിയില്‍ പ്രവേശിച്ചുള്ളു എന്നത് മറ്റൊരു സത്യം. എന്തുകൊണ്ടാണ് കൊച്ചി മെട്രോയിലെ സ്വപ്ന ജോലി ഇവര്‍ വേണ്ടെന്നു വച്ചത് എന്നതിന് ഉത്തരം നല്‍കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും മോഡലുമായ തൃപ്തി ഷെട്ടി. മെട്രോയില്‍ ഹൗസ് കീപ്പിങ് സെക്ഷനിലാണ് തൃപ്തിക്കു ജോലി ലഭിച്ചത്. വളരെ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ പണവുമായാണ് ട്രെയ്നിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ തൃപ്തിക്കായില്ല. മെട്രോയിലെ ജോലി എന്ന് ആരംഭിക്കും എന്ന അനിശ്ചിതത്വമായിരുന്നു ഒരു കാരണം. അടുത്ത കാരണം, 9000 രൂപയെന്ന ശമ്പളം ഒരു ട്രാന്‍സ്ജെന്‍ഡറുടെ താമസ സൗകര്യം എന്ന ആവശ്യത്തെ സഫലീകരിക്കുന്നതായിരുന്നില്ല.
‘മെട്രോയില്‍ ജോലി നല്കി എന്നതു നല്ലകാര്യം തന്നെ. എന്നാല്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ ഒരിടം ലഭ്യമല്ലാത്തത്രയും കാലം, മെട്രോയിലെ വരുമാനം കൊണ്ടു മാത്രം പിടിച്ചു നില്ക്കാന് ആവില്ല. ട്രാന്‍സ്ജെന്‍ഡേഴ്സിനു വീട് വാടകയ്ക്ക് നല്കുവാന് ആളുകള്‍ മടിക്കുന്നു. അപ്പോള്‍, ലോഡ്ജ്, ഹോട്ടല്‍ മുറികള്‍ എന്നിവയില്‍ അഭയം പ്രാപിക്കുന്ന ഞങ്ങള്‍ക്ക് പ്രതിദിനം 600 മുതല്‍ 800 രൂപ വരെ ചെലവഴിക്കേണ്ടതായി വരുന്നു. ജോലി നല്‍കുന്നതോടൊപ്പം താമസത്തിനായി ഒരു സൗകര്യം കൂടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തി നല്‍കിയിരുന്നു എങ്കില്‍ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേനെ’. തൃപ്തി പറയുന്നു.
ട്രാന്‍സ്ജെന്‍ഡേഴ്സ് കൂടുതലായി താമസിക്കുന്ന എറണാകുളം പോലൊരു സ്ഥലത്ത് അവര്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് തൃപ്തി പറയുന്നു. നിലവില്‍ ചില സംഘടനകള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് താമസ സൗകര്യം നല്കാന് മുന്നോട്ടു വന്നിട്ടുണ്ട് എങ്കിലും, ഇതൊരു ശാശ്വത പരിഹാരമല്ല എന്നു തൃപ്തി വ്യക്തമാക്കുന്നു. മെട്രോയിലെ ജോലി വേണ്ടെന്നു വച്ചെങ്കിലും, പകരം മികച്ചൊരു വരുമാന മാര്‍ഗം തൃപ്തി കണ്ടെത്തിക്കഴിഞ്ഞു. മുത്തുകളും കല്ലുകളും മറ്റും ഉപയോഗിച്ച് 50 രൂപ മുതല്‍ 750 രൂപ വരെ വിലവരുന്ന ആഭരണങ്ങള്‍ നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് തൃപ്തിയിപ്പോള്‍. ഇതിനു പുറമെ, തന്റെ ആഭരണങ്ങളുടെ ഒരു എക്സിബിഷനും ഇന്ദിര ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ വച്ച് തൃപ്തി നടത്തി. മോഡലിംങില് സജീവമായി പ്രവര്‍ത്തിക്കുന്ന തൃപ്തി ഇപ്പോള്‍ സിനിമയിലേയ്ക്കും കാലെടുത്തുവച്ചിരിക്കുകയാണ്. ഒരു മലയാള സിനിമയില്‍ സഹസംവിധായികയായും അരങ്ങേറാന്‍ തയാറെടുക്കുകയാണ് തൃപ്തി. ആവശ്യമായ പരിഗണനകള്‍ നല്കിയാല് മെട്രോയിലേയ്ക്ക് തിരികെയെത്താനും തൃപ്തിയും കൂടെയുള്ളവരും തയാറാണുതാനും.