കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചാകേസുകളിലെ പ്രതികൾക്കായി പോലീസിന്റെ വ്യാപക തെരച്ചിൽ. കവർച്ചയ്ക്കു പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർ കൊച്ചിയിൽ തങ്ങിയ പ്രദേശം ഉൾപ്പെടെ കണ്ടെത്തുന്നതിനു പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. മോഷണങ്ങൾക്കുശേഷം കൊച്ചിയിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന നിരവധി ഇതര സംസ്ഥാനക്കാരെ കാണാതായതായി പോലീസിനു വിവരം ലഭിച്ചതായാണു സൂചന.
കാണാതായവരെ സംബന്ധിച്ചു അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഒരു മാസത്തിനിടെ കൊച്ചിയിലെത്തിയ ഇതര സംസ്ഥാനക്കാരെ സംബന്ധിച്ച് കൃത്യമായ വിവരം പോലീസിന്റെ പക്കലില്ല. റെയിൽവേ സ്റ്റേഷനുകൾക്കു സമീപവും ആളൊഴിഞ്ഞ കെട്ടിടങ്ങൾക്കു സമീപവും താമസിച്ചിരുന്നവർ മോഷണ പരന്പരയ്ക്കുശേഷം കൊച്ചിവിട്ടു പോയെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഈ സംഘത്തിൽ മോഷണത്തിനു പിന്നിലുള്ളവരും ഉൾപ്പെട്ടിട്ടിണ്ടോയെന്നതു സംബന്ധിച്ചാണു പോലീസ് അന്വേഷണം.
കാണാതായ ഇതര സംസ്ഥാനക്കാരെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാന്പിൽ നടത്തുന്ന പരിശോധനകളിൽ ഇതുവരെ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും അധികൃതർ പറഞ്ഞു. കൊള്ളസംഘം കൊച്ചിയിൽ തങ്ങിയ പ്രദേശം കണ്ടെത്തുവാൻ പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. ദിവസങ്ങൾ നീണ്ട തയാറെടുപ്പുകൾക്കുശേഷമാണു കൊള്ളസംഘം മോഷണം നടത്തിയത്.
ഇതിന്റെ ഉറവിടം ഉൾപ്പെടെ കണ്ടെത്തുന്നതിനായാണു അധികൃതർ കൊച്ചിയിൽ ഉൾപ്പെടെ വ്യാപക പരിശോധന നടത്തുന്നത്. അതേസമയം, പ്രതികളെതേടി മഹാരാഷ്ട്രയിൽ എത്തിയ കൊച്ചിയിൽനിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനകൾ ഇന്ന് ആരംഭിക്കും. വിരലടയാളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു സംഘം പ്രധാനമായും നടത്തുക.
ഇന്നലെ രാവിലെയാണു പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽ എത്തിയത്. മോഷണം നടന്ന വീടുകളിൽനിന്നു ലഭിച്ച പ്രതികളുടേതെന്നു കരുതുന്ന വിരലടയാളം സംഘം ശേഖരിച്ചിട്ടുണ്ട്. കൂടാതെ വീടുകളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ നടത്തുന്ന പരിശോധനകളിൽ പ്രതികളെ സംബന്ധിച്ച വിവരം ലഭിക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
കവർച്ച നടത്തിയതു മഹാരാഷ്ട്രയിലെ പൂന അഹമ്മദ് നഗറിൽ നിന്നുള്ളവരാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് സംഘം അവിടേക്കു പുറപ്പെട്ടത്. ട്രെയിനുകളിൽ കറങ്ങി മോഷണം നടത്തിയശേഷം മടങ്ങുന്ന രീതിയാണു പ്രതികളുടേതെന്നും പോലീസ് അനുമാനിക്കുന്നു. മഹാരാഷ്ട്രസംഘങ്ങൾ ഏതെങ്കിലും സ്ഥലത്തു മോഷണം നടത്താൻ നിശ്ചയിച്ചാൽ അതേ ജില്ലയിലോ അല്ലെങ്കിൽ ദൂരെ മാറിയോ താമസസ്ഥലം കണ്ടെത്തുന്ന രീതിയുമുണ്ട്.
അതിനാൽ സംസ്ഥാനമൊട്ടാകെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അടുത്തയിടെ മോഷണം നടന്ന സ്ഥലങ്ങളിൽനിന്നു ലഭിച്ച വിരലടയാളങ്ങൾ ഓരോ ജില്ലകളിലും സൂക്ഷിച്ചിരിക്കുന്ന വിരലടയാളങ്ങളുമായി താരതമ്യം ചെയ്തു നോക്കുന്നുമുണ്ട്. കവർച്ച നടന്ന രാത്രിയിൽ തൃപ്പൂണിത്തുറയിലെ സിനിമ തിയറ്ററിൽ പതിനൊന്നംഗ സഘം സിനിമ കാണാൻ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്.
കൂടാതെ ഏരൂരിലെ സ്വകാര്യ സ്ഥാപനത്തിൽനിന്നു ലഭിച്ച സിസിടിവി ദൃശങ്ങളും പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച പുല്ലേപ്പടിയിലും ശനിയാഴ്ച തൃപ്പൂണിത്തുറയിലുമാണു നാടിനെ നടുക്കിയ മോഷണങ്ങൾ നടന്നത്.