കൊച്ചി/അങ്കമാലി: നാടിനെ നടുക്കിയ രണ്ടു മോഷണങ്ങൾ നടത്തിയ സംഘം ലക്ഷ്യം വയ്ക്കുന്നതു റെയിൽ പാളത്തിനു സമീപമുള്ള വീടുകളെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപി പി.പി. ഷംസ്. ഇങ്ങനെ സംശയിക്കാൻ വ്യക്തമായ വിവരങ്ങൾ പോലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം.
പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും മോഷണം നടന്ന വീടുകൾക്കു സമീപം റെയിൽ പാതയുണ്ട്. റോഡുകളിലൂടെ രാത്രിയിൽ കൂട്ടു ചേർന്നു നടന്നാൽ സംശയം തോന്നുമെന്ന് അറിയാവുന്നതിനാലാണു മോഷണസംഘം റെയിൽപാത തെരഞ്ഞെടുക്കുന്നതെന്നാണു നിഗമനം. മോഷണം നടത്തി രക്ഷപ്പെടാനും ഇതാണു സൗകര്യം.
റെയിൽപാത പോകുന്ന സ്ഥലങ്ങളിലെ ലേബർ ക്യാന്പുകളിൽ ഇപ്പോൾ പോലീസ് കൂടുതൽ പരിശോധന നടത്തുന്നുണ്ട്. മുഴുവൻ പ്രതികളും മഹാരാഷ്ട്രയിലേക്കു കടന്നതായി വ്യക്തമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണു ലേബർ ക്യാന്പുകളിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അതേസമയം, മോഷണസംഘം അങ്കമാലി കറുകുറ്റിയിൽ എത്തിയിട്ടുള്ളതായി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള വീടുകളിലാണു മോഷണം നടക്കുന്നതിനാൽ കറുകുറ്റി റെയിൽവേ ഗേറ്റിന് അടുത്തുള്ള ഒരു വീടിന്റെ മതിലിൽ അസ്വാഭാവികതയുള്ള അടയാളങ്ങൾ കണ്ടതാണു പ്രദേശവാസികളെ പരിഭ്രാന്തരാക്കുന്നത്.
മോഷണവും തട്ടിക്കൊണ്ടു പോകലും നടത്താൻ തീരുമാനിച്ചിരിക്കുന്ന വീടുകൾ സംഘാംഗങ്ങൾക്കു മനസിലാക്കാനായി ഇത്തരം ചില അടയാളങ്ങൾ കൂട്ടത്തിലുള്ളവർ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പർദ ധരിച്ച സ്ത്രീകൾ കറുകുറ്റി റെയിൽവേ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശങ്ങളിലെ കുട്ടികൾ മാത്രമുള്ള വീടുകളിൽ വെള്ളം ചോദിച്ച് എത്തിയിരുന്നു.
കറുകുറ്റി റെയിൽവേ സ്റ്റേഷനോടു ചേർന്നു വിശാലമായ ഒഴിഞ്ഞ പ്രദേശമുള്ളതിനാലും റെയിൽവേ ട്രാക്കിൽ ഇപ്പോൾ സ്ഥിരമായി പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നതുകൊണ്ടും അപരിചിതർ ഈ പ്രദേശത്തു കൂടുതലാണ്. ഇതുവരെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എങ്കിലും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അങ്കമാലി പോലീസ് അറിയിച്ചു.