കൊച്ചി: രണ്ട് വർഷത്തിലൊരിക്കൽ വിരിയുന്ന കലയുടെ വസന്തത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും.
14 വേദികളിലായി ഏപ്രിൽ 10വരെയാണ് ബിനാലെക്കാലം.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരൻമാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെയുടെ ഭാഗമായുണ്ട്.
വിവിധ സാംസ്കാരിക പരിപാടികളും നടക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ്, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, കൊച്ചി ബിനാലെ ഫൗഷേൻ പേട്രണ്‍ എം.എ. യൂസഫലി, ഫൗഷേൻ ഉപദേശകൻ എം.എ. ബേബി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് എന്നീ പ്രധാന വേദികൾക്കു പുറമെ കബ്രാൾ യാർഡ്, ടികഐം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ, എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി എന്നിങ്ങനെയാണ് വേദികൾ. ഷുബിഗി റാവു ക്യൂറേറ്റ് ചെയ്ത 90 കലാകാരൻമാരുടെ ഇരുന്നൂറോളം സൃഷ്ടികൾ പ്രധാന വേദികളിൽ പ്രദർശിപ്പിക്കും.
ബിനാലെ ടിക്കറ്റുകൾ കൗറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. വിദ്യാർഥികൾക്ക് 50 രൂപയും മുതിർന്ന പൗരൻമാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്. ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപയുമാണ്.
ഷുബിഗി റാവു ബിനാലെ ക്യൂറേറ്റർ
കൊച്ചി: ഇന്ത്യൻ വംശജയും സിംഗപ്പൂർ സ്വദേശിനിയുമായ ഷുബിഗി റാവുവാണ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്റർ. അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിൻഹ, ജിതിഷ് കല്ലാട്ട്, തസ്നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി.സുനിൽ, അലക്സ് കുരുവിള എന്നിവരടങ്ങിയ സമിതിയാണ് ഷുബിഗിയെ തെരഞ്ഞെടുത്തത്.
മുംബൈയിൽ ജനിച്ച് ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദമെടുത്ത 47കാരിയായ ഷുബിഗി റാവു ശ്രദ്ധേയ എഴുത്തുകാരികൂടിയാണ്. ആർക്കിയോളജി, ന്യൂറോ സയൻസ്, ലൈബ്രറി, ചരിത്രം, പരിസ്ഥിതി, സാഹിത്യവും തുടങ്ങി വിപുലവും വൈവിധ്യവുമായ വിഷയങ്ങൾ ഷുബിഗിയുടെ താത്പര്യങ്ങളിൽ ഉൾപ്പെടുന്നു.