കൊച്ചി: കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍ ആണ് സുഹൃത്തിനൊപ്പം വന്നുപെട്ട പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച വനിത എസ്ഐ ബാഗില്‍ കണ്ടത് ഗര്‍ഭനിരോധന ഗുളികകളും ഉറകളും. പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോൾ സുഹൃത്തിനൊപ്പം നൈറ്റ് റൈഡിനു പോയെന്ന കൂസലില്ലാത്ത മറുപടി.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജില്‍ അര്‍ധരാത്രിയില്‍ നടന്ന പരിശോധനയ്ക്കിടെ ഒരു മുറിയില്‍ രണ്ടു പുരുഷന്മാര്ക്കൊപ്പം കണ്ട പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് “ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഒരുമിച്ചു കിടന്നാല്‍ നിങ്ങള്‍ക്കെന്താണെന്നാണ്’. കൊച്ചി നഗരത്തില്‍ 20 മുതല്‍ 26 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ഥിനികളെ ഇത്തരത്തിൽ കാണുന്നത് സാധാരണമായി കഴിഞ്ഞെന്നു പോലീസുകാരുടെ സാക്ഷ്യം.
എറണാകുളം ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തുനിന്നു പഠനത്തിനായി കൊച്ചിയില്‍ വന്നു താമസിക്കുന്ന വിദ്യാര്‍ഥിനികളാണ് ഈ രീതിയിൽ വഴിവിട്ട ജീവിതം നയിക്കുന്നവരിലേറെയും. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനായാണ് പലരും ഇത്തരം വഴിവിട്ട ബന്ധത്തിലേക്ക് തിരിയുന്നത്. അസമയങ്ങളിൽ ആണ് സുഹൃത്തുക്കള്‍ക്കൊപ്പം കാണുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിക്കാറുണ്ടെന്നും പോലീസ് പറയുന്നു.
അതിനിടെ അന്പരപ്പിക്കുന്ന മറ്റൊരു വിവരവും കൊച്ചിയില്‍നിന്നു പുറത്തുവന്നിട്ടുണ്ട്. ഗര്ഭനിരോധനവസ്തുക്കളുടെ വില്പന നഗരത്തിൽ കുതിച്ചുകയറുകയാണെന്നും ഇതിന്റെ ഉപഭോക്താക്കളിലേറെയും കോളജ് വിദ്യാര്ഥിനികളാണെന്നുമാണ് റിപ്പോര്‍ട്ട്. അടിയന്തര ഗര്‍ഭനിരോധന ഗുളികയായ ഐ പില്, ഗര്‍ഭനിരോധ വസ്തുവായ കോണ്ടം എന്നിവയുടെ വില്പനയാണ് കുതിക്കുന്നത്. നഗരത്തിലെ മിക്ക മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു പ്രതിദിനം 30 ലധികം ഐപില്‍ വീതം വിറ്റുപോകുന്നുണ്ടെന്നു ഷോപ്പ് ഉടമകള്‍ പറയുന്നു.
സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും അപ്രതീക്ഷിത ഗര്‍ഭധാരണം ഒഴിവാക്കാനുമായിട്ടാണ് ഐപില്‍ ഉപയോഗിക്കുന്നത്. ലൈംഗിക ബന്ധത്തിനുശേഷം 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ഗുളിക കഴിച്ചാല്‍ ഗര്‍ഭധാരണം ഒഴിവാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ആണ് സുഹൃത്തിനൊപ്പം എത്തി യാതൊരു സങ്കോചവുമില്ലാതെ വിദ്യാര്‍ഥിനികള്‍തന്നെയാണ് ഇത്തരം ഗുളികകള്‍ വാങ്ങിക്കൊണ്ടു പോകുന്നതെന്നു മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. ഒരു ഗുളികയ്ക്ക് 75 രൂപയാണു വില.
എറണാകുളം നോര്‍ത്ത് , സൗത്ത്, കടവന്ത്ര, കലൂര്‍, എംജി റോഡ്, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളിലാണ് കൂടുതലും വില്പന നടക്കുന്നത്. ഈ പ്രദേശത്തെ ലോഡ്ജുകളില്‍ ഫ്രഷ് ആകാന്‍ എന്ന പേരില്‍ ആണ് സുഹൃത്തുക്കള്‍ക്കൊപ്പം എത്തി രണ്ടോ മൂന്നോ മണിക്കൂറുകള്‍ ചെലവഴിച്ച് കടന്നുപോകുന്ന പെൺകുട്ടികൾ കുറവല്ലെന്നു പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള നിലവിലെ നിയമ പരിരക്ഷയ്ക്കു മുന്നില്‍ നടപടി സ്വീകരിക്കാനാവാതെ തങ്ങൾ നിസഹായരാണെന്നും അവർ പറയുന്നു.
എറണാകുളം ജില്ലയില്‍ മൂവായിരത്തിലധികം മെഡിക്കല്‍ സ്റ്റോറുകളാണുള്ളത്. കോവിഡിന് മുമ്പ് മുതിര്‍ന്നവരായിരുന്നു ഉപഭോക്താക്കളെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഗര്‍ഭനിരോധന വസ്തുക്കള്‍ വാങ്ങിക്കൊണ്ടുപോകുന്നതെന്ന് ഡ്രഗ് ആന്‍ഡ് കെമിസ്റ്റ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
സീമ മോഹന്‍ലാല്‍