കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് തുടക്കമായി.
മിനി ലോക്ക് ഡൗണിന് സമാനമായ കര്‍ശ നിയന്ത്രണങ്ങളെത്തുടര്‍ന്ന് നഗരങ്ങളിലടക്കം വിവിധ പ്രദേശങ്ങളില്‍ ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞ നിലയിലാണ്.
പാല്, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.
ഹോട്ടലുകള്‍ തുറന്ന് പ്രവര്ത്തിക്കുന്നുണ്ടെങ്കിളും ഒട്ടുമിക്ക സ്ഥലങ്ങളും പാഴ്സല്‍ സേവനങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
സ്വകാര്യ ബസുകള്‍ ഒന്നും തന്നെ ആദ്യമണിക്കൂറുകളില്‍ നിരത്തിലിറങ്ങിയിട്ടില്ല.
സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ അടിയന്തര അവശ്യസര്‍വീസുകളും കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങളും മാത്രമാണ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത്.
എറണാകുളം മേനക ജംഗ്ഷന്, മാര്‍ക്കറ്റ്, ബ്രോഡ്വേ എന്നിവിടങ്ങള്‍ തിരക്കൊഴിഞ്ഞ നിലയിലാണ്.
നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഉള്‍പ്പെടെ പോലീസിന്റെ കര്‍ശന പരിശോധനകളാണ് നടക്കുന്നത്.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ താക്കീത് ചെയ്യുന്നതിനൊപ്പം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്ക് പിഴയും ചുമത്തുന്നുണ്ട്.
എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം പതിവുപോലെ നടത്തുന്നുണ്ട്.
എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്കൊഴിഞ്ഞ നിലയിലാണ്. ഓട്ടോ, ടാക്സി എന്നിവ സര്‍വീസ് നടത്തുന്നുണ്ട്.
കോവിഡ് വാക്സിന് എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുകള്‍ ഉള്ളതിനാല്‍ പതിവു പോലെ വാസ്കിനേഷന് കേന്ദ്രങ്ങളില്‍ ചെറിയ തോതിലുള്ള തിരക്കുകള്‍ രൂപപ്പെട്ടു.
എറണാകുളത്ത് രോഗികൾ മുപ്പതിനായിരത്തിനടുത്ത്
കൊച്ചി: കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുമ്പോള്‍ സംസ്ഥാനത്ത് തന്നെ ഉയര്‍ന്ന പ്രതിദിന കണക്കുകള്‍ രേഖപ്പെടുത്തുന്ന എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം മുപ്പതിനായിരത്തോടടുക്കുന്നു.
ഇന്നലെ 4548പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ നിലവില്‍ ജില്ലയുടെ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 29708 ആയി.
ഇതിന് പുറമേ 7357 പേരെ കൂടി ഇന്നലെ വിവിധയിടങ്ങളിലായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 60,000 പിന്നിട്ടു.
നിലവില്‍ 62228 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27985 ആണ്.
അതേസമയം ഇതേകാലയളവില്‍ 4692 പേര് രോഗമുക്തി നേടിയത് നേരിയ ആശ്വാസം പകരുന്നതാണ്. കടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, തൃക്കാക്കര, വരാപ്പുഴ എന്നിവിടങ്ങളില്‍ ഇന്നലെയും രോഗികളുടെ എണ്ണം നൂറ് മുകളിലാണ്.
ആലുവ അടച്ചുപൂട്ടലിലേക്ക്
ആലുവ: കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ആലുവ മേഖല അടച്ചുപൂട്ടലിന്റെ വക്കിലേക്ക്.
നഗരം ഭാഗീകമായും മൂന്നു പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ പരിശോധനകൾ കർശനമാക്കി പോലീസും ജാഗ്രതയോടെ രംഗത്തുണ്ട്.
എടത്തലയ്ക്കു പുറമെ കീഴ്മാട്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിൽ ഇന്നലെ ഉൾപ്പെടുത്തി.
ആലുവ നഗരത്തിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി. ഇന്നലെ രാത്രി എട്ടരയോടെയാണ് ജില്ലാ കളക്ടർ എസ്. സുഹാസ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിട്ടത്.
ആലുവ നഗരസഭയിലെ 6,8,16,19,24 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിലായത്. കീഴ്മാട് പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 300 കടന്നു.
കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി 43 ശതമാനം ആയിരുന്നു. ജില്ലയിലെ ഏറ്റവും ഉയർന്ന ശതമാനമായിരുന്നു ഇത്. കോവിഡിന്റെ ആദ്യഘട്ടത്തിലും ജില്ലയിൽ ഏറ്റവും അധികം കോവിഡ് ബാധിതരുണ്ടായ പഞ്ചായത്താണ് കീഴ്മാട് .
ശനി, ഞായർ ദിവസങ്ങളിലെ പരിശോധനകൾ കർശനമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.
ആലുവ, ചൊവ്വര റെയിൽവെ സ്റ്റേഷനുകൾ പ്രത്യേക പോലീസ് സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരിക്കും. നഗരത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കു.കെ എസ് ആർ ടി സി നിയന്ത്രണങ്ങളോടെ സർവീസ് നടത്തുമെന്നും പോലീസ് അറിയിച്ചു.
56 പോലീസുകാർക്ക് കോവിഡ്
ആലുവ: എറണാകുളം റൂറൽ ജില്ലയിൽ മാത്രം ഇതിനകം 56 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആവശ്യത്തിനു സേനാബലമില്ലാതായതോടെ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം ഇതുമൂലം ക്രമസമാധാ പാലനത്തിന് പോലീസ് ബുദ്ധിമുട്ട് നേരിടുകയാണ്.
റൂറൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷൻ ഓഫീസുകളിലേയും സ്ഥിതി ഇതുതന്നെയാണ്. ഒരു സ്റ്റേഷനിൽ തന്നെ നാല് മുതൽ 10 വരെ ഉദ്യോഗസ്ഥർക്കു കോവിഡ് പോസറ്റീവായിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ വീടുകളിൽ നിരീക്ഷണത്തിലാണെങ്കിലും ഇവരുമായി സമ്പർക്കം പുലർത്തിയ സഹപ്രവർത്തകർ ഡ്യൂട്ടി തുടരുന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
രോഗ സംശയമുള്ളവരെ ക്വാറന്റൈനിൽ അയച്ചാൽ സ്റ്റേഷനുകളിൽ ആളില്ലാതെ പ്രവർത്തനങ്ങൾ താളം തെറ്റും.
ഇതു കൂടാതെ വിവിധ ക്രൈം വിഭാഗങ്ങൾക്ക് പുറമെ ഹൈവേ, പിങ്ക്, സ്പൈഡർ പട്രോളിംഗ്, കോടതി ഡ്യൂട്ടി എന്നിവയ്ക്കും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ വരും.
പല സ്റ്റേഷനുകളിലും പ്രവൃത്തി സമയം കഴിഞ്ഞ് അധിക ഡ്യൂട്ടിയാണ് ഉദ്യോഗസ്ഥർ ചെയ്തു വരുന്നത്.
കോവിഡ് അതിവ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ 420 ഉദ്യോഗസ്ഥർക്ക് കോവിഡ് പോസ്റ്റീവായിരുന്നു. ഇതിനെ തുടർന്ന് പോലീസുകാർക്ക് മാത്രമായി പെരുമ്പാവൂരിൽ പ്രത്യേകം എഫ്എൽടിസി തുറക്കുകയും ചെയ്തിരുന്നു.