കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ചെന്ന് ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയ നഴ്സിംഗ് ഓഫീസറെ കളമശേരി പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർ നൽകിയ പരാതിയിലാണ് അന്വേഷണം.
ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ജലജാദേവിയെ മെഡിക്കൽ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. തെറ്റിദ്ധരിച്ചാണ് നഴ്സിംഗ് ഓഫീസർ പറയുന്നതെന്നും ഇതു പ്രചരിപ്പിച്ചവർക്കെതിരേ നടപടി വേണമെന്നുമാണ് അധികൃതരുടെ നിലപാട്.
അന്വേഷണം നടത്തി എത്രയുംവേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫോർട്ടുകൊച്ചി സ്വദേശി ഹാരിസ് (51) ജൂലായ് 20-നാണു മരിച്ചത്.
മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസർ ജലജാദേവിയുടെ ശബ്ദസന്ദേശമെന്ന പേരിലാണ് കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. മരണ ശേഷം ബന്ധുക്കളിൽ നിന്ന് ചികിത്സാ ഉപകരണത്തിന് തുക വാങ്ങിയത് വിവാദമായിരുന്നു.
കുവൈറ്റിൽനിന്ന് കൊച്ചിയിലെത്തിയ ഹാരിസ് ജൂൺ 19 ന് പുത്തൻകുരിശിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂൺ 26ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ 20ന് ഹാരിസ് മരിച്ചുവെന്ന വിവരം ആശുപത്രി അധികൃതർ വിളിച്ചറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞു മുതൽ ഹാരിസിന്റെ ഭാര്യ റുക്സാന കിടപ്പിലാണ്. പള്ളുരുത്തിയിലുള്ള വാടക വീട്ടിൽ രണ്ടു കുട്ടികൾക്കൊപ്പമാണ് താമസം. അഞ്ചു സഹോദരിമാരാണ് ഹാരിസിനുള്ളത് ഇവരുടെ ഏക അത്താണിയായിരുന്നു ഹാരിസ്.