ഷൊർണൂർ: പഴയ കൊച്ചിൻപാലം നവീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിനു പിഡബ്ല്യുഡി ആലോചന. പാലം സംരക്ഷിക്കുന്നതിനൊപ്പം നിലവിലുള്ള പുതിയ പാലത്തിനു സമാന്തരമായി ബദൽ സഞ്ചാരമാർഗമാക്കി ഇതിനെ മാറ്റുന്നതിനുള്ള സാധ്യതയാണ് പിഡബ്ല്യുഡി പരിശോധിക്കുന്നത്.
പാലത്തിന്റെ പൊളിഞ്ഞഭാഗം നന്നാക്കുകയും മറ്റു ഭാഗങ്ങൾ ബലപ്പെടുത്തുകയും ചെയ്ത് ഇരുചക്രവാഹനങ്ങൾ, സൈക്കിളുകൾ എന്നിവയ്ക്കു പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചന. ചരിത്രസ്മാരകമെന്ന നിലയിൽ സംരക്ഷിക്കുന്നതിനൊപ്പം ഇതുവഴി ഗതാഗതത്തിരക്ക് നിയന്ത്രിക്കാനും പ്രയോജനപ്പെടുമെന്നാണ് പിഡബ്ല്യുഡി വിലയിരുത്തൽ.
തൃശൂർ, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം കൊച്ചിരാജാവാണ് നിർമിച്ചത്. ബ്രിട്ടീഷ് സാങ്കേതികവിദ്യ പ്രകാരം 1899-ലാണ് പഴയ തിരുകൊച്ചിയേയും മലബാറിനെയും ബന്ധപ്പെടുത്തി പാലം നിർമാണം തുടങ്ങിയത്. 1902 മാർച്ച് 16നാണ് പാലം പൂർത്തിയാക്കിയത്. 2004-ലാണ് പുതിയ പാലം നിർമിച്ചത്. 2011-ൽ പഴയപാലത്തിന്റെ ഒരുഭാഗം അമർന്നു പുഴയിലേക്കു പതിക്കുകയായിരുന്നു. കാലപ്പഴക്കവും ബലക്ഷയവും സംഭവിച്ചതിനെതുടർന്നു പുതിയപാലം നിർമിച്ചതുകൊണ്ട് ഗതാഗതത്തിനു തടസം നേരിട്ടില്ല.
പഴയ പാലം പൊളിച്ചുവില്ക്കാനാണ് ആദ്യം പിഡബ്ല്യുഡി തീരുമാനമെടുത്തിരുന്നത്. ഇതിനെതിരേ പ്രതിഷേധം ഉയർന്നപ്പോഴാണ് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിൽനിന്നും അധികൃതർ പിൻവാങ്ങിയത്. പാലം പൊളിച്ചുവില്ക്കാനുള്ള തീരുമാനത്തിനെതിരേ രേഖാമൂലം പരാതി ഉയർന്നതോടുകൂടി പ്രശ്നത്തിൽ പുരാവസ്തുവകുപ്പ് ഇടപെടുകയും ചെയ്തു. ചരിത്രസ്മാരകമായി പാലത്തെ ഏറ്റെടുക്കാൻ പുരാവസ്തുവകുപ്പ് തീരുമാനമെടുത്തിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച് തുടർനടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പഴയ പാലം നവീകരിച്ച് ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് പിഡബ്ല്യുഡി വകുപ്പ് ഗൗരവമായി ആലോചിക്കുന്നത്. കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്മാരകമെന്ന ഖ്യാതിയും ഈ പാലത്തിനുണ്ട്.