ഷൊർണൂർ:വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായി. പഴയ കൊച്ചി പാലത്തിന് പുഴയിൽ തന്നെ വീണമരാനാവും നിയോഗം.
ബലക്ഷയം മൂലം തകർന്ന് വീണ പഴയ കൊച്ചി പാലത്തിന് അധികൃതർ സംരക്ഷണമൊരുക്കില്ലന്ന് ഉറപ്പായി.
പാലത്തിന് സംരക്ഷണമൊരുക്കാൻ അധികൃതർ പ്രവ്യാപനങ്ങൾ നടത്തിയതല്ലാതെ ഇതു വരേക്കും ഒരു നടപടികളും അനുവർത്തിച്ചിട്ടില്ല.രണ്ട് പ്രളയങ്ങളേയും അതിജീവിച്ച പാലത്തിന്റെ നടുഭാഗം മുറിഞ്ഞ തൊഴിച്ചാൽ മറ്റിടങ്ങളിലേക്ക് കാര്യമായ പ്രശ്നങ്ങളില്ല.
മറ്റു ഭാഗങ്ങൾ പുഴയിലേക്ക് മുറിഞ്ഞ് വീണിട്ടുമില്ല.എന്നാൽ പാലം വലിയ ബലക്ഷയമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും മറ്റ് ഭാഗങ്ങൾ കൂടി പുഴയിലേക്ക് മുറിഞ്ഞമരാവുന്ന സ്ഥിതിയാണുള്ളത്.
ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ പാലത്തിന് അനേകം കാലവർഷങ്ങളെ അതിജീവിച്ചതിന്റെ പൈതൃകമുണ്ട്.ഋതുഭേദങ്ങളുടെ വകഭേദങ്ങൾക്കുമപ്പുറം കാലതിവർത്തിയായി നിലകൊള്ളൂന്ന ഈ പാലത്തിന്റെ തൂണുകളെ തഴുകി തലോടി നിളയുടെ കുഞ്ഞോളങ്ങളിൽ കാലവർഷമനേകം ഒഴുകി നീങ്ങിയിട്ടുണ്ട്.
പോകാൻ മനസ്സില്ലാതെ കാലുകളിൽ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു പുഴയെന്ന് ഈ പാലവും ഓർക്കുന്നുണ്ടാവാം. ഭാരതപുഴക്കു കുറുകെ പുതിയ തൂക്ക് പാലമടക്കുള്ള കാര്യങ്ങൾ ചർച്ചകളിൽ നിറയുന്പോൾ ഈ പഴയ പാലം അധികൃതരുടെയും, പ്രകൃതിയുടെയും കനിവ് തേടി തൂങ്ങിയാടാൻ തുടങ്ങി യിട്ടു വർഷങ്ങൾ പലതായി.
പാലം പൈതൃകസ്വത്താ ണെന്നും സംരക്ഷിക്കുമെന്നുമെല്ലാം പറഞ്ഞിരുന്നവർ അതെല്ലാം വിസ്മരിച്ച സ്ഥിതിയാണ്.
പാലത്തിന് മുകളിലൂടെ നടക്കാൻ മാത്രമാണ് ഇപ്പോൾ ആളുകളെത്തുന്നത്. ഗതകാല ചരിത്രന്റെ സ്മൃതിപഥങ്ങളിലേറി കാലത്തിനു നേർക്ക് തിരിച്ച് വച്ച ചരിത്രത്തിന്റെ കണ്ണാടിയാണ് ഈ പാലം.