ആലുവ: പൂട്ടിപ്പോയ പാരലൽ കോളജിലെ വിദ്യാർഥികളുടെ എസ്എസ്എൽസി ബുക്കുകൾ ഭീഷണിപ്പെടുത്തി തടഞ്ഞുവച്ച കേസിൽ പ്രതിചേർക്കപ്പെട്ട അധ്യാപികയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ആലുവ ആലിയ കോളജിലെ അറബി ടീച്ചറായിരുന്ന ത്വയിബയാണ് ഒളിവിൽ പോയിരിക്കുന്നത്.
ഇവരുടെ മൊബൈൽ നന്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ആലുവ ഈസ്റ്റ് പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസൽ രാഷ്ട്രദീപികയോടു പറഞ്ഞു. അതേസമയം കേസിൽ അറസ്റ്റിലായ കോളജ് പ്രിൻസിപ്പൽ മുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തിയശേഷം റിമാൻഡ് ചെയ്തു.
2015ൽ പ്രവർത്തനം നിർത്തിയതാണ് ആലിയ കോളജ്. ഇവിടുത്തെ 30ഓളം വിദ്യാർഥികളുടെ എസ്എസ്എൽസി ബുക്കുകളടക്കമുള്ള രേഖകളാണ് സംഘം വിട്ടുകൊടുക്കാതിരുന്നത്. ഫീസിനത്തിലെ കുടിശിക തീർക്കാതെ രേഖകൾ തിരിച്ചുനൽകില്ലെന്നു ഭീഷണിപ്പെടുത്തിയിരുന്നു. വൻതുകയാണ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നത്. ഇയാളുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നത് കോളജിലെ ടീച്ചറായിരുന്ന ത്വയിബയാണ്. വിശ്വാസവഞ്ചനയ്ക്കു കേസെടുത്ത് ആലുവ പോലീസാണ് അന്വേഷണം നടത്തുന്നത്.