കൊച്ചി: കമ്മട്ടിപ്പാടത്ത് മധ്യവയസ്കയെ ക്രൂരമായി പീഡിപ്പിച്ച് റെയില്‍വേ ട്രാക്കിന് സമീപം തള്ളിയ സംഭവത്തില്‍ നിര്‍ണായകമായത് നീല ബാഗും ചെരിപ്പും. കേസുമായി ബന്ധപ്പെട്ട് ആസം സ്വദേശി ഫിര്‍ദൗസ് അലിയെ (28) 72 മണിക്കൂറിനകം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്ന അന്നു വൈകുന്നേരം തന്നെ സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്കായി നഗരം മുഴുവന്‍ തെരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. പ്രതിയിലേക്ക് എത്താന്‍ യാതൊരുവിധ തെളിവുകളുമില്ലാതിരുന്ന സമയത്താണ് പീഡനത്തിന് ഇരയായ 59കാരി പ്രതിയുടെ മുതുകിലുണ്ടായിരുന്ന നീല ബാഗിനെക്കുറിച്ച് പോലീസിനോട് പറഞ്ഞത്.
ഉടന്‍തന്നെ എസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നീല ബാഗ് മുതുകിലിട്ട യുവാവ് ഒറ്റയ്ക്കു നില്ക്കുന്ന സ്ത്രീകളുടെ അടുത്ത് പലപ്പോഴായി ചെല്ലുന്ന ദൃശ്യങ്ങള്‍ പോലീസിനു കിട്ടി.
ആറോളം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ സമീപിക്കുന്നതും പുരുഷന്മാര് എത്തുമ്പോള്‍ അവിടെ നിന്ന് മാറുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ എന്‍ട്രന്‍സിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നീല ബാഗ് മുതുകിലിട്ട യുവാവും അയാള്‍ക്ക് പുറകില്‍ അഞ്ചു മീറ്ററില്‍ അകലത്തില്‍ പച്ച സാരിയുടുത്ത ഒരു സ്ത്രീയും നടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു, സംഭവദിവസം 59കാരിയുടെ വേഷം പച്ചസാരിയായിരുന്നു.
ഇര പറയുന്ന സമയവുമായി സാമ്യമുണ്ടായിരുന്നു സിസിടിവിയിലെ ദൃശ്യങ്ങള്‍ക്ക്. ദൃശ്യങ്ങള്‍ പിന്തുടര്ന്ന് എറണാകുളം സൗത്തിലെ ഷണ്ടിംഗ് യാര്‍ഡ് വരെയുള്ള സിസിടിവി ദൃശ്യങ്ങളിലെല്ലാം നീലബാഗുകാരനും പച്ചസാരിയുടുത്ത സ്ത്രീയും ഉണ്ടായിരുന്നു.
നീല ബാഗ്
കടവന്ത്ര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഏഴിന് കഞ്ചാവ് ബീഡി വലിച്ചതുമായി ബന്ധപ്പെട്ട് ഫിര്ദൗസിനെതിരേ കേസ് എടുത്തിരുന്നു. ഇയാളുടെ മൊബൈല്‍ഫോണ്‍ പോലീസ് അവിടെ വാങ്ങിവയ്ക്കുകയും ഉണ്ടായി.
ഏഴിന് വൈകിട്ടും എട്ടിനും ഇയാള്‍ മൊബൈല്‍ഫോണ്‍ തിരികെ വാങ്ങാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇതേ നീല ബാഗ് മുതുകില്‍ തൂക്കിയിരുന്നു. കടവന്ത്ര സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇത് കണ്ടെടുത്തതോടെ പ്രതിയിലേക്ക് പോലീസ് ഏകദേശം അടുക്കുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് മേല്‍വിലാസവും ഫോണ്‍ നമ്പറും എടുത്തു.
നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഫിര്‍ദൗസ് സംഭവദിവസം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തും കമ്മട്ടിപ്പാടത്തുമുണ്ടായിരുന്നതായി ടവര്‍ ലൊക്കേഷന്‍ ലഭിച്ചു.
എന്നാല്‍ കഞ്ചാവുകേസിലെ അറസ്റ്റിനുശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഫോണിന്റെ ഡ്യുപ്ലിക്കേറ്റ് സിം എടുത്തിരുന്നു. അതിലുണ്ടായിരുന്ന വാട്സ്ആപ്പ് സന്ദേശങ്ങളെല്ലാം നീക്കം ചെയ്യുകയും ഉണ്ടായി. പക്ഷേ ഗൂഗിള്‍ പേയിലെ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ഇതില്‍നിന്നും ലഭിച്ചു.
അതോടൊപ്പം ഫേസ്ബുക്ക് അക്കൗണ്ട് ഫിര്‍ദൗസ് സൈന്‍ ഔട്ട് ചെയ്തിരുന്നില്ല. ഇതില്‍നിന്ന് ഇയാളെക്കുറിച്ചുള്ള പല നിര്‍ണായക വിവരങ്ങളും പോലീസിനു ലഭിച്ചു. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പക്ഷേ ഇയാളുടെ ലൊക്കേഷന്‍ നോര്‍ത്ത് മുതല്‍ കമ്മട്ടിപാടം വരെ കാണിക്കുകയും ചെയ്തിരുന്നു.
ഫാസ്ട്രാക്കിന്റെ ചെരുപ്പ്
സംഭവസ്ഥലത്തുനിന്ന് പഴക്കമില്ലാത്ത ഒരു ഫാസ്ട്രാക്കിന്റെ ചെരുപ്പ് പോലീസിനു ലഭിക്കുകയുണ്ടായി. പ്രതിയുടെ ഫേസ്ബുക്ക് തുറന്ന പോലീസ് ഇതേ ചെരിപ്പിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ കണ്ടു. അതില്‍ ഇയാള്‍ ഇട്ടിരുന്നത് സംഭവസ്ഥലത്തു നിന്ന് പോലീസിനു ലഭിച്ച അതേ ചെരുപ്പായിരുന്നു. അതോടെ പ്രതി ഫിര്‍ദൗസ് തന്നെയാണെന്ന് ഉറപ്പിച്ച പോലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപകമാക്കുകയായിരുന്നു.
പോയത് വയനാട്ടിലേക്ക്
മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം അന്ന് വൈകിട്ടോടെ ഇയാള്‍ വയനാട്ടിലേക്കു പോയി. അവിടെനിന്ന് ഡ്യുപ്ലിക്കേറ്റ് സിം എടുത്തു. പിറ്റേന്ന് കരിമുകള്‍ ഭാഗത്തേക്ക് തിരിച്ചെത്തി. പെരുമ്പാവൂരിലേക്ക് പോയശേഷം വീണ്ടും എറണാകുളം നോര്‍ത്തിലെത്തി പിന്നീട് ആലുവയിലേക്ക് പോയി. അവിടെനിന്ന് ഞായറാഴ്ച രവിപുരത്തെത്തി മൊബൈല്‍ ഓണ്‍ ചെയ്തതോടെയാണ് പ്രതി പോലീസിന്റെ വലയില്‍ കുടുങ്ങിയത്.
പത്തുവര്‍ഷം മുമ്പ് കേരളത്തിലെത്തിയ ഇയാൾ ഏറെക്കാലം വയനാട്ടിലെ ഒരു റെസ്റ്റോറന്റില്‍ പൊറോട്ട മേക്കറായി ജോലി ചെയ്തു. ഏതാനും മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. പൊറോട്ടയടിക്കാന്‍ ആളെവേണമെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
നന്നായി മലയാളം സംസാരിക്കുന്ന ഫിര്‍ദൗസ് പല സ്ത്രീകളെയും ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സെന്‍ട്രല്‍ എസി സി. ജയകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ജോലി തേടിയെത്തിയ 59കാരിക്ക് 500 രൂപ നല്കി ഇയാള്‍ കൂട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചത്. മധ്യവയസ്ക ഇപ്പോഴും ചികിത്സയിലാണ്.
സ്വന്തം ലേഖിക