കൊച്ചി: നഗരത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പിടിയിലാകാനുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്. ഇന്നലെ പോലീസ് അറസ്റ്റു ചെയ്ത ഡൽഹി സ്വദേശി നൂറുള്ളയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇതര സംസ്ഥാനക്കാരായ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയറായില്ല.
പെണ്‍വാണിഭസംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൂറുള്ളയെന്ന് സെൻട്രൽ സിഐ എ.അനന്തലാൽ പറഞ്ഞു. ഓണ്‍ലൈൻ സൈറ്റുകൾ മുഖേന സംഘത്തിന്റെ ഫോണ്‍ നന്പറുകൾ പരസ്യപ്പെടുത്തി അതിലൂടെ ബന്ധപ്പെടുന്നവരെ സ്ത്രീകളുടെ ഫോട്ടോകളും ലോഡ്ജിന്റെ വിവരങ്ങളും നൽകിയിരുന്ന ഏജന്റായിരുന്നു നൂറുള്ള.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണു നൂറുള്ള കുടുങ്ങിയത്. ഇയാളുടെ പക്കൽ നിന്നും ഫോണുകളും മറ്റു വിവരങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സിഐ അറിയിച്ചു.
അതേസമയം കൊല്ലം സ്വദേശിയും എറണാകുളം കാരിക്കാമുറി താമസിക്കുന്ന വി.എസ്. രാജേഷ് (34) എന്നയാളെയും പോലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ലോഡ്ജ് ഉടമയുമായി ചേർന്നു ഇടപാടുകാർക്കു വേണ്ട സഹായങ്ങളും പെണ്‍വാണിഭ സംഘത്തിനു സംരക്ഷണവും നൽകിയരുന്നയാളാണു ടാക്സി ഡ്രൈവറായ രാജേഷ്.