സിജോ പൈനാടത്ത്
കൊച്ചി: കഴിഞ്ഞ ഏഴു വർഷത്തിനിടെ എറണാകുളം ജില്ലയിൽ 31 പോലീസുകാരുടെ പണി പോയി. അനുവാദമില്ലാതെ വിദേശയാത്ര നടത്തിയതു മുതൽ ലൈംഗിക തൊഴിലാളികളിൽ നിന്നു കൈക്കൂലി വാങ്ങിയതുൾപ്പടെയുള്ള കുറ്റങ്ങളുടെ പേരിലാണു പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു.
2016 ഏപ്രിൽ ഒന്നു മുതൽ 2018 ഡിസംബർ 18 വരെ പുറത്താക്കപ്പെട്ട പോലീസുകാരിൽ കൂടുതൽ പേരും കൊച്ചി സിറ്റി പോലീസ് സേനയിൽ നിന്നുള്ളവരാണ്. ഇക്കാലയളവിൽ എറണാകുളം റൂറലിൽ നിന്ന് അഞ്ചു പേർക്കു ജോലി നഷ്ടമായപ്പോൾ, സിറ്റിയിൽ തൊപ്പിയൂരേണ്ടിവന്നതു 15 പോലീസുകാർക്ക്. കഴിഞ്ഞ മൂന്നു വർഷങ്ങളിലും അഞ്ചു പേർ വീതമാണു സിറ്റിയിൽ പുറത്താക്കപ്പെട്ടത്
. പ്രതികളെ അകാരണമായി മർദിച്ചതിനും അപര്യാദയായി പെരുമാറിയതിനും മൂന്നു പേരുടെ പണി പോയിട്ടുണ്ട്. അവധിയുടെ കാലയളവിനു ശേഷം ജോലിക്കു ഹാജരാകാതിരുന്നതിനാൽ പുറത്താക്കപ്പെട്ടവരും പട്ടികയിൽ ഇടം നേടി.
2016-2018 വർഷങ്ങളിൽ എറണാകുളം റൂറലിൽ നിന്നു പിരിച്ചുവിടപ്പെട്ടവരിൽ രണ്ടു പേർക്കെതിരെ, അനധികൃതമായി ജോലിയിൽ നിന്നു വിട്ടുനിന്നുവെന്ന കുറ്റമുണ്ട്.
ഇരുപതോളം കേസുകളിലെ പ്രതിയുമായുള്ള അവിശുദ്ധ ബന്ധം, അനുവാദമില്ലാതെ വിദേശയാത്ര, വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നു കൈക്കൂലി വാങ്ങിയത് തുടങ്ങിയ കുറ്റങ്ങളുടെ പേരിലും പോലീസുകാരുടെ പണി പോയിട്ടുണ്ടെന്നു വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2011 മുതൽ 2015 വരെ കൊച്ചി സിറ്റിയിൽ വിവിധ കുറ്റങ്ങളുടെ പേരിൽ ആറു പോലീസുകാർക്കാണു ജോലി നഷ്ടമായത്. ഇക്കാലയളവിൽ അനധികൃതമായി ജോലിയിൽ നിന്നു വിട്ടു നിന്ന കുറ്റത്തിന് എറണാകുളം റൂറലിൽ അഞ്ചു പോലീസുകാരുടെ തൊപ്പി തെറിച്ചു.