സീമ മോഹന്‍ലാല്‍
കൊച്ചി: വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കൊച്ചി സിറ്റി പോലീസില്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയത് 23 പോലീസ് ഉദ്യോഗസ്ഥരെ.
ആക്ടിവിസ്റ്റ് രാജു വാഴക്കാല നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പോലീസ് ഈ വിവരങ്ങള്‍ നല്‍കിയത്. കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 23 ഉദ്യോഗസ്ഥരില്‍ അഞ്ചുപേരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് പറയുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ വി.ജെ. ബിജോയും പട്ടികയിലുണ്ട്.
ലീവ് വിത്തൗട്ട് അലവന്‍സ് ഓപ്ഷന്റെ കാലാവധി കഴിഞ്ഞതിനുശേഷം ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തതായാണ് വിവരം.
മാനസികമായി ഈ തൊഴിലിന് അനുയോജ്യരല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നു നീക്കം ചെയ്യപ്പെട്ടവരും കൂട്ടത്തിലുണ്ട്. ഈ വര്‍ഷം ഇതുവരെ ഏഴ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
അവധിയെടുത്ത് വിദേശത്തേക്കു പോകുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അനുവദിച്ച അവധിക്കുശേഷം ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഈ സാഹചര്യത്തില്‍ അവരെ സര്‍വീസില്‍നിന്ന് നീക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകാറുണ്ട്. കൊച്ചി സിറ്റി പോലീസില്‍ 3,000 പോലീസ് ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്.