കൊച്ചി: കാഴ്ചയില്‍ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരാന്. വളരെ വൃത്തിയായ വസ്ത്രധാരണം. ആര്‍ഭാട പൂര്‍ണമായ ജീവിതം. ജോലി മോഷണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലാരിവട്ടം പോലീസിന്റെ പിടിയിലായ ചാലക്കുടി സ്വദേശി മൂക്കന്നൂര്‍ കാണാര്കുഴി മല്പ്പാന് അസിന് ജോസിനേക്കുറിച്ചു (30) ഇങ്ങനെ ചുരുക്കി പറയാം. കലൂര്‍ സ്റ്റേഡിയത്തിനു സമീപം നൈറ്റ് പട്രോളിംഗ് നടത്തിവന്ന സംഘമാണ് അസിനെ പിടികൂടിയത്. കവാസാക്കി നിന്‍ജ ബൈക്കില്‍ എത്തിയ അസിനെ പരിശോധനയുടെ ഭാഗമായാണ് പോലീസ് തടഞ്ഞ്. പ്രഥമ ദ്യഷ്ട്യാ സംശയകരമായി ഒന്നും തോന്നിയില്ല. എന്നാല്‍, ഇയാള്‍ മറ്റൊരു മോഷണക്കേസിലെ പ്രതിയാണെന്ന്് ഒരു പോലീസ ഉദ്യോഗസ്ഥന് തിരിച്ചറിഞ്ഞപ്പോഴാണ് വിശദമായി പരിശോധിച്ചത്. പരിശോധനയില്‍ ഇയാളുട പക്കല്‍ നിന്നും 1,60,000 രൂപയും സ്വര്‍ണാഭരണവും വിദേശ കറന്‍സിയും കണ്ടെത്തി.
മോഷണം ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച്
കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലേയും ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് അസിന് ജോസ് മോഷണം നടത്തി വരുന്നത്. കാഴ്ചയില്‍ എക്സിക്യൂട്ടിവിനേപ്പോലെ തോന്നിക്കുന്ന ഇയാള്‍ മോഷ്ടാവാണെന്നു ആരും കരുതില്ല. ഫ്ളാറ്റിന്റെ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങി ആളില്ലാത്ത ഫ്ളാറ്റ് കണ്ടെത്തിയാണ് മോഷണം. സമാനമായ കോസുകളില്‍ ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തതും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, തിരുവല്ല, കോട്ടയം, കാക്കനാട്, എറണാകുളം സെന്‍ട്രല്‍, അങ്കമാലി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ പോലീസ് സ്റ്റേഷനുകളിലും സംസ്ഥാനത്തിനു പുറത്ത് ബംഗളൂരു, ചെന്നൈ എന്നീ സ്റ്റേഷനുകളിലുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോഷണം പകല്‍ സമയത്ത്
രാത്രികാലങ്ങളില്‍ ഒളിച്ചും പതുങ്ങിയുമല്ല അസിന് ജോസിന്റെ മോഷണം. പകല്‍ വെളിച്ചത്തില്‍ തന്നെയാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്. വളരെ ഭംഗിയായി വസ്ത്രം ധരിച്ച ആറടി ഉയരമുള്ള ഇയാളെ കണ്ടാല്‍ മോഷ്ടാവാണെന്നു സംശയിക്കുകയേ ഇല്ല. സ്ക്രൂ ഡ്രൈവ്രര്‍ ഉപയോഗിച്ച് ഫ്ളാറ്റിന്റെ വാതില്‍ തുറന്ന് അകത്തു കയറിയാണ് മോഷണം. സ്വര്‍ണം, പണം, വിദേശ കറന്‍സികള്‍ എന്നിവയോടാണ് പ്രിയം. വില കൂടിയ സ്പോര്‍ട്സ് ബൈക്കുകളിലാണ് സഞ്ചാരം.
നഗരങ്ങളില്‍ ആര്‍ഭാട ജീവിതം
മോഷണം കഴിഞ്ഞാല്‍ നേരെ ബാംഗ്ലൂരിന് തിരിക്കും. അവിടെ നിന്നും സ്വര്‍ണവും വിദേശ കറന്‍സിയും മാറി വാങ്ങും. പിന്നീട് നഗങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ഭാട പൂര്‍ണമായ ജീവിതമാണ്. മോഡലുകളും സിനിമ നടിമാരുമായാണ് ഇയാളുടെ ചങ്ങാത്തമെന്നും പോലീസ് പറഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കു ശേഷം വീണ്ടും ബൈക്കുമായി ഇറങ്ങും. മോഷണത്തിനുള്ള പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി തിങ്കളാഴ്ച കോടതിയല്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് പാലാരിവട്ടം എസ്ഐ ബേസില്‍ തോമസ് പറഞ്ഞു.