കൊച്ചി: കനത്ത കാറ്റിന്റെ അകമ്പടിയോടെ പെയ്ത വേനല്‍മഴയില്‍ കൊച്ചി നഗരത്തിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലും വ്യാപക നാശനഷ്ടം.
മരങ്ങള്‍ കടപുഴകി വീണു നിരവധി വാഹനങ്ങൾ തകർന്നു. പോസ്റ്റുകൾ തകർന്നു വൈദ്യുതി ബന്ധം നിലച്ചു. കൊച്ചി നഗരത്തിൽ മരത്തിനടിയിൽപ്പെട്ടു വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ക്കു പരിക്കേറ്റു.
ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം അരമണിക്കൂറോളം മുടങ്ങി. പലയിടത്തും മണിക്കൂറുകളോളം റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു കനത്ത കാറ്റും മഴയുമുണ്ടായത്.
കൊച്ചി നഗരത്തിനു പുറമെ കാക്കനാട്, തൃപ്പൂണിത്തുറ, മരട്, ഏലൂര്‍, ആലങ്ങാട്, ആലുവ, അങ്കമാലി, കാലടി മേഖലകളില്‍ കാറ്റും മഴയും കനത്തനാശം വിതച്ചു. നഗരത്തിൽ ആഞ്ഞുവീശിയ കാറ്റിൽ വീടിന്റെയും സ്ഥാപനങ്ങളുടെയും മേൽക്കൂരകളും ഫ്ലക്സ് ബോർഡുകളും പറന്നു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അംബേദ്കര്‍ സ്റ്റേഡിയത്തിനു മുന്നിലെ വന്മരം കടപുഴകി വീണാണു രണ്ടുപേര്‍ക്കു പരിക്കേറ്റത്.
ഗാന്ധിനഗറില്‍ കോളനിയില്‍ താമസിക്കുന്ന മധുര സ്വദേശികളായ പൊന്‍രാജിന്റെ മകന് കതിരവ് (14), ചെല്ലായത്തിന്റെ മകന് അരുണ്‍ (20) എന്നിവര്‍ക്കാണു പരിക്ക്.
സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ പരിശീലനത്തിനായി സുഹൃത്തിനൊപ്പം വന്നതാണ് ഇരുവരും. സുഹൃത്തിനെ പരിശീലനത്തിനയച്ചശേഷം സ്റ്റേഡിയത്തിന്റെ മുന്‍ഭാഗത്തെ മരത്തിനു ചുവട്ടില്‍ കാത്തുനില്ക്കുകയായിരുന്നു.
കാറ്റും മഴയുമുണ്ടായതോടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഗ്രൗണ്ടിലെ വിശ്രമ മുറിയിലേക്ക് ഓടിക്കയറി. കതിരവും അരുണും മരത്തിനു ചുവട്ടില്‍തന്നെ തുടരുകയായിരുന്നു. ഈ സമയമാണു മരം നിലംപതിച്ചത്.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും ചേര്‍ന്നു മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി ആദ്യം അരുണിനെയും പിന്നാലെ കതിരവിനെയും പുറത്തെടുത്തു. കതിരവ് ഏറെനേരം മരത്തിനടിയിൽ കുടുങ്ങി.
ഇടതുകാലിനു ഗുരുതരമായി പരിക്കേറ്റ കതിരവിനെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലും തുടയ്ക്കു നിസാര പരിക്കേറ്റ അരുണിനെ എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് എത്തിച്ചത്.
എറണാകുളം എസ്ആര്‍വി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണു കതിരവ്. അരുണ്‍ കലൂരിലെ വര്‍ക്ഷോപ്പില്‍ ജോലിക്കാരനാണ്.
കതിരവിനെ രാത്രി വൈകി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
കലൂര്‍-കതൃക്കടവ് റോഡില്‍ സെന്റ് ഫ്രാന്‍സീസ് പള്ളിക്കു സമീപം തേക്കുമരം കടപുഴകി വീണു. സ്ഥലത്ത് വന്‍ അപകടം ഒഴിവായെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു മുന്നില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കുള്‍പ്പെടെ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. സമീപത്തെ ഓട്ടോറിക്ഷ സറ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
ഇവിടെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. വടുതല ചാണ്ടി റോഡില്‍ കല്ലുവീട്ടില്‍ റോബിന്റെ വീടിന്റെ മേല്‍ക്കൂര വന്‍ മരങ്ങള്‍ കടപുഴകി വീണു നശിച്ചു.
കൊച്ചി സിബിഐ ഓഫീസിനു സമീപവും ലിസി ആശുപത്രിക്കു സമീപവും സെന്റ് തെരേസാസ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലും മരങ്ങള്‍ കടപുഴകി.
ആലുവ നഗരത്തിൽ അരമണിക്കൂറോളം വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണു 12 ഓളം വാഹനങ്ങൾക്കു നാശം സംഭവിച്ചു.
ആർക്കും പരിക്കില്ല. നിരവധി കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി.
വൈദ്യുതി കമ്പികൾ പൊട്ടിവീണതിനാൽ രാത്രി വൈകിയും വൈദ്യുതി എത്തിയിട്ടില്ല. തൃപ്പൂണിത്തുറ എരൂർ ഷാരിപ്പടിക്കു സമീപം 14 നില ഫ്ലാറ്റിന്റെ മേൽപ്പുര റോഡിൽ പതിച്ചു.
ഒരു കാറിനു മുകളിലേക്കാണു വീണെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിനായക ഭുവനേശ്വരി ഫ്ലാറ്റിന്റെ മേൽപ്പുരയാണ് തകർന്നത്.
ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര റോഡിൽ തെങ്ങ് വീണ് ട്രാൻസ്ഫോർമർ തകർന്നു. ഇവിടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
നഷ്ടം തിട്ടപ്പെടുത്താന്‍ കളക്ടറുടെ നിര്‍ദേശം
കൊച്ചി: ഇന്നലെയുണ്ടായ കാറ്റിലും മഴയിലും നേരിട്ട നാശനഷ്ടം തിട്ടപ്പെടുത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്കി.
ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്ക് ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല നല്കി. മരങ്ങള്‍ വീണും മറ്റുമുണ്ടായ ഗതാഗത തടസങ്ങള്‍ നീക്കാന്‍ അഗ്നിശമനസേനയ്ക്കും നിര്‍ദേശം നല്കി.