ജോണ്സണ് വേങ്ങത്തടം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സംയോജിത വികസന പദ്ധതി (ഐആർഇപി) കൊച്ചി റിഫൈനറിയെ ലോകോത്തര നിലവാരത്തിലേക്കു പിടിച്ചുയർത്തും. ഇതോടൊപ്പം ഉദ്ഘാടനം ചെയ്ത ഐഒസിയുടെ മൗണ്ടഡ് എൽപിജി സ്റ്റോറേജ് സംവിധാനവും ശിലാസ്ഥാപനം നടത്തിയ പെട്രോ കെമിക്കൽ കോംപ്ലക്സ്, നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും കേരളത്തിനു വികസന നേട്ടമുണ്ടാക്കാൻ പര്യാപ്തമായവയാണ്.
16504 കോടി രൂപ മുതൽമുടക്കുള്ള ഐആർഇ പദ്ധതി സംസ്ഥാനത്ത് ഒറ്റ പദ്ധതിയിലായി ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വ്യവസായനിക്ഷേപമാണ്. തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ സാന്പത്തിക വളർച്ചയ്ക്കും വികസനത്തിനും പദ്ധതി സഹായകമാകും. ഈ പദ്ധതിയുടെ നാലു വർഷത്തെ നിർമാണ കാലഘട്ടത്തിൽ 20,000 ത്തിലധികം ആളുകൾക്കു പരോക്ഷമായി തൊഴിൽ ലഭ്യമാക്കുകയും ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും അനുബന്ധ അടിസ്ഥാന സൗകര്യ, സേവന പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയും ചെയ്യുമെന്നു മാനേജിംഗ് ഡയറക്ടർ ഡി. രാജ്കുമാർ ചൂണ്ടിക്കാട്ടി.
സംയോജിത വികസന പദ്ധതി (ഐആർഇപി) പ്രവർത്തനം ആരംഭിക്കുന്നതോടെ രാസവസ്തുവായ പ്രൊപ്പലെൻ പ്രതിവർഷം 5,00,000 മെട്രിക് ടണ് ഉത്പാദിപ്പിക്കാനുള്ള ശേഷി കൊച്ചി റിഫൈനറിക്ക് ഉണ്ടാകും. പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനത്തെ പ്രധാനമായും സഹായിക്കുന്ന രാസവസ്തു ആണു പ്രൊപ്പലെൻ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ ശാലയാകാൻ കൊച്ചിൻ റിഫൈനറിയെ ഇതിന്റെ ഉത്പാദനം സഹായിക്കും.
പോളിയോൾസ് എന്നു വിളിക്കപ്പെടുന്ന പെട്രോ കെമിക്കൽ ഉത്പാദിപ്പിക്കുന്നതിനുള്ള പെട്രോ കെമിക്കൽ കോംപ്ലക്സിന്റെ നിർമാണം 2022ൽ പൂർത്തിയാകും. ഇതുവഴി രാജ്യത്തെ പെട്രോ കെമിക്കലുകളുടെ ഇറക്കുമതി കുറയ്ക്കാനാകും. പെയിന്റ്, അച്ചടി, മഷി, ആട്ടോമോട്ടീവ് പെയിന്റുകൾ, വാഹനഭാഗങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, മരുന്നുകൾ മുതലായവ നിർമിക്കുന്നതിനു പെട്രോ കെമിക്കലുകൾ വ്യാപകമായി ഉപയോഗിക്കുന്നു.
ഇന്ത്യൻ ഓയിൽകോർപറേഷന്റെ കൊച്ചിൻ ബോട്ടിലിംഗ് പ്ലാന്റിന്റെ മൗണ്ടഡ് സ്റ്റോറേജിൽ 1200 എംടി വീതമുള്ള മൂന്നു ബുളറ്റുകൾ ഉൾപ്പെടുന്നു. 50 കോടി രൂപയാണ് ഇതിന്റെ ആകെ ചെലവ്.കൊച്ചിൻ എൽപി ജി ബോട്ടിലിംഗ് പ്ലാന്റിന്റെ സംഭരണശേഷി ഇപ്പോൾ 4350 എംടിയായി വർധിച്ചിരിക്കുന്നു. എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് ഉപകാരപ്രദമാകും.
ബിപിസിഎൽ മറ്റു എണ്ണക്കന്പനികളുമായി ചേർന്ന് ആരംഭിക്കുന്ന നൈപുണ്യവികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാന്പസ് കോട്ടയം ഏറ്റൂമാനൂർ ഗവണ്മെന്റ് ഐടിഐയിൽ പാട്ടത്തിനെടുത്ത എട്ട് ഏക്കർ സ്ഥലത്താണു സജ്ജമാക്കുന്നത്.
ഒരു ലക്ഷം ചതുരശ്രയടി വലിപ്പം വരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ 20 വ്യത്യസ്ത ട്രേഡുകളിലായി ഓരോവർഷവും ആയിരം വിദ്യാർഥികൾക്കു പരിശീലനം നല്കും. 2020 മധ്യത്തോടെ ഇതു പ്രവർത്തനക്ഷമമാകും. അങ്കമാലിയിലെ ഇൻകെൽ ബിസിനസ് പാർക്കിൽ ഇത്തരത്തിലുള്ള ഒരു കാന്പസ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.