കൊച്ചി: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിൽ കോർപ്പറേഷനെതിരേ വീണ്ടും ഹൈക്കോടതി. കൊച്ചിയിലെ റോഡുകൾ നന്നാക്കാൻ അമേരിക്കയിൽ നിന്നും ആളുവരണോ എന്ന് കോടതി പരിഹാസ രൂപേണ ചോദിച്ചു. ഈ മാസം 15-നകം റോഡുകൾ നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് കോർപ്പറേഷനെതിരേ ഹൈക്കോടതി വീണ്ടും വിമർശനം ഉന്നയിച്ചത്. റോഡുകൾ സഞ്ചാര യോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
അതേസമയം ഹർജി പരിഗണിച്ചപ്പോൾ കോർപ്പറേഷന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കൊച്ചിയിലെ മോശം റോഡുകളുടെ പേരിൽ മുൻപും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ചൊരിഞ്ഞിരുന്നു.