കൊച്ചി: നാടു മുഴുവൻ വിഴുങ്ങുന്ന പ്രളയത്തിലും സെൽഫിയെടുത്തു രസിച്ച് ഒരു കൂട്ടർ, വ്യാജ വാർത്ത പടച്ചുവിട്ടു നിർവൃതി അടയുന്ന മറ്റൊരു കൂട്ടർ. ഇത്തരം കൂട്ടങ്ങൾക്കുള്ള നാട്ടുകാരുടെ മുന്നറിയിപ്പ് ഇതാണ്.- “അടിച്ചു കരണം പൊട്ടിക്കും’.
ദുരിത മേഖലകൾ കാണാൻ വേണ്ടി മാത്രം എത്തുന്നവർ ഫോട്ടോയും സെൽഫിയും എടുക്കുന്നത് വലിയ അലോസരമാണു സൃഷ്ടിക്കുന്നത്. ഇന്നലെ മഴ കുറഞ്ഞു വെള്ളം ഇറങ്ങി തുടങ്ങിയതോടെ കാഴ്ച കാണാനായി മാത്രം നിരവധി പേരാണു വണ്ടിയുമായി നിരത്തിലിറങ്ങുന്നത്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതു നാമമാത്രമാണെങ്കിലും സ്വകാര്യ വാഹനങ്ങളെക്കൊണ്ട് റോഡ് നിറഞ്ഞു.
അഭയാർഥികളുമായി ക്യാന്പിലേക്കു പോകുന്നവരെയും ആംബുലൻസുകളെയും മറ്റു അവശ്യ സർവീസുകളെയും ഈ അനാവശ്യ പ്രവൃത്തികൾ വലയ്ക്കുകയാണ്. മറ്റു ഗതാഗത മാർഗങ്ങൾ തടസപ്പെട്ടതോടെ രണ്ടു ദിവസമായി മെട്രോ സൗജന്യ സർവീസാണു നടത്തുന്നത്. എന്നാൽ, ഒരു വിഭാഗം ആളുകൾ ഇതും ചൂഷണം ചെയ്തു നഗരക്കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സുരക്ഷിതസ്ഥാനത്തിരുന്നു വ്യാജവാർത്ത പടച്ചുവിടുന്നവരും വലിയ സാമൂഹ്യ ദ്രോഹമാണു ചെയ്യുന്നത്. നിരവധി വ്യാജ വാർത്തകളാണു സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത്. കടുത്ത ക്ഷാമമാണ് വരുന്നതെന്ന വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷണസാധനങ്ങൾ പരമാവധി വാങ്ങിശേഖരിക്കുന്ന തിരക്കിലാണു പലരും.
വ്യാജസന്ദേശങ്ങൾ പടച്ചുവിടുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ദുരിതബാധിത സ്ഥലങ്ങളിൽ സെൽഫി എടുക്കുന്നവർക്കുമെതിരേ കർശന നടപടികൾ ഉണ്ടാകുമെന്നു ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം മുന്നറിയിപ്പുകൾ വന്നിട്ടും വ്യാജൻമാർക്കു കൂസലില്ല. ഇനിയും ഇത്തരം പ്രവൃത്തികൾ തുടർന്നാൽ കായികമായി നേരിടുമെന്നാണ് പ്രളയബാധിതരുടെ പ്രതികരണം.