കൊച്ചി: ചേരാനെല്ലൂരില്‍ വ്യാപാരിയെ ആക്രമിച്ച് കട തല്ലിത്തകര്‍ത്ത് ഒളിവില്‍പ്പോയ കേസില്‍ റിമാന്‍ഡിലുള്ള കാപ്പ കേസ് പ്രതി തൃശൂര്‍ സ്വദേശി ഹരീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചേരാനല്ലൂര്‍ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലെ ബിഡദിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇവിടെ ഡോഗ് ട്രെയിനറായി വ്യാജപ്പേരില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കേസില്‍ ഹരീഷിന്റെ കൂട്ടാളിയായ നിഖില്‍ നാരായണനെ കഴിഞ്ഞദിവസം അങ്കമാലി മൂക്കന്നൂരില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഹരീഷിനെതിരേ മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് എന്നിങ്ങനെ 44 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കാപ്പാ കേസ് നിലവിലുണ്ട്.
കഴിഞ്ഞ മാസം ചേരാനെല്ലൂര്‍ ഇടയക്കുന്നം കപ്പേളക്ക് സമീപമുള്ള ദിയ ബേക്കറിയുടെ ഉടമസ്ഥനെയാണ് ഹരീഷും കൂട്ടാളിയും ചേര്‍ന്ന് ആക്രമിച്ച ശേഷം കട തല്ലിത്തകര്‍ത്തത്. രണ്ട് മാസം മുമ്പ് ബേക്കറിക്ക് മുന്നിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിന് പിന്നാലെ മൊബൈല്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. അടുപ്പമുള്ളവരെ രഹസ്യമായി കണ്ട് മടങ്ങുകയായിരുന്നു രീതി.
ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒളിത്താവളം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. വ്യാജ പേരിലാണ് ഇയാള്‍ ഇവിടെ കഴിഞ്ഞു വന്നിരുന്നതെന്ന് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബ്രിജുകുമാര്‍ പറഞ്ഞു.
സംഭവശേഷം അങ്കമാലി മൂക്കന്നൂരിലെ ജാതി തോട്ടത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെപ്പറ്റി പോലീസിന് വിവരം ലഭിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ചേരാനെല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍. പോലീസ് വീട്ടില്‍ അന്വേഷിച്ച് എത്തുമ്പോള്‍ പട്ടികളെ തുറന്നു വിടുകയായിരുന്നു പതിവ്.