കൊച്ചി: പ്രൊബേഷണറി എസ്ഐയുടെ ആത്മഹത്യയിൽ വകുപ്പുതല അന്വേഷണം അവസാനഘട്ടത്തിൽ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ ആയിരുന്ന തിരുവനന്തപുരം ഉൗരുട്ടന്പലം ഗോവിന്ദമംഗലം മേലെതട്ടൻവിള വിജയഭവനിൽ തങ്കപ്പൻനായരുടെ മകൻ ടി. ഗോപകുമാർ (39) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിപി എ.ആർ. പ്രേംകുമാർ വ്യക്തമാക്കി.
വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഗോപകുമാറിന്റെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ആരോപണവിധേയരായ നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽനിന്നുമുള്ള മൊഴി എടുക്കൽ പൂർത്തിയായി. ഇവരുടെയെല്ലാം മൊഴികൾ സംബന്ധിച്ച് അവസാനവട്ട വിലയിരുത്തലുകളാണ് ഇപ്പോൾ നടക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉടൻ ഐജിക്കു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗോപകുമാറിനുമേൽ ഒരു വിധത്തിലുമുള്ള മാനസിക സമ്മർദവും ഏൽപിച്ചിരുന്നില്ലെന്നാണു ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെന്നാണു വിവരം. ഗോപകുമാറിന്റെ മുറിയിൽനിന്നും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും സമ്മർദവും മൂലമാണ് ആത്മഹത്യ ചെയ്തതെന്നു സൂചിപ്പിക്കുന്ന കുറിപ്പ് ലഭിച്ചിരുന്നു. ഒൗദ്യോഗിക ജീവിതത്തിൽ താങ്ങാൻ കഴിയാത്ത സമ്മർദത്തിലാണു താനെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇതു തെറ്റാണെന്നും ഒരു രീതിയിലുമുള്ള സമ്മർദവും ഏൽപിച്ചിരുന്നില്ലെന്നുമാണു ഉദ്യോഗസ്ഥർ മൊഴി നൽകിയിരിക്കുന്നതെന്നാണു ലഭിക്കുന്ന വിവരങ്ങൾ. അതേസമയം, മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണു ഗോപകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉന്നയിച്ചിട്ടുള്ളത്.
മേലുദ്യോഗസ്ഥരുടെ സമ്മർദത്തെത്തുടർന്നാണു ജീവനൊടുക്കുന്നതെന്ന ഗോപകുമാറിന്റെ ആത്മഹത്യാക്കുറിപ്പിനെ സാധൂകരിക്കുന്ന മൊഴികളാണു ഇവരെല്ലാം നൽകിയിട്ടുള്ളത്. ഡിസിപി എ.ആർ. പ്രേംകുമാർ നേരിട്ടെത്തിയാണു ഗോപകുമാറിന്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളിൽനിന്നു മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരി 21ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ സിൽവർ സ്പേസ് ലോഡ്ജിലെ 107 ആം നന്പർ മുറിയിലാണ് ഗോപകുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും സമ്മർദവും മൂലമാണ് ആത്മഹത്യ ചെയ്തതെന്നു സൂചിപ്പിക്കുന്ന കുറിപ്പ് ലഭിച്ചിരുന്നു. അതേസമയം, ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ തെളിവ് ലഭിച്ചോയെന്ന ചോദ്യത്തിനു വ്യക്തത നൽകാൻ ഡിസിപി തയാറായില്ല.