റോബിൻ ജോർജ്
സിനിമയിൽ പഞ്ച് ഡയലോഗുകളായും സീനുകളായും മുംബൈ അധോലോകമെന്ന് നമ്മൾ പലതവണ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. പക്ഷേ ഇതൊക്കെ സിനിമയിൽ മാത്രമല്ലേ എന്നു വിചാരിച്ചവർക്കൊക്കെ തെറ്റി. നമ്മുടെ നാട്ടിലും ഇതിന്റെ വേരുകൾ ഉണ്ടെന്ന് കൊച്ചിയിലെ വെടിവയ്പോടെ എല്ലാവർക്കും മനസിലായി. കഴിഞ്ഞ മാസം 15നാണ് കൊച്ചിയിലെ ഒരു ബ്യൂട്ടിപാർലറിനു നേർക്ക് വെടിവയ്പും തുടർസംഭവങ്ങളുമുണ്ടാകുന്നത്.
വെടിവയ്പിന് പിന്നിലുള്ള രഹസ്യങ്ങൾ തേടി പോലീസ് പരക്കം പായുന്നുണ്ടെങ്കിലും വിവരങ്ങളൊന്നുമില്ലെന്നതാണ് വസ്തുത. അധോലോകം എന്നത് കൊച്ചിക്കാർക്ക് ഇപ്പോൾ പേടി സ്വപ്നമായി മാറി. വ്യവസായവും വ്യാപാരവും റിയൽ എസ്റ്റേറ്റും സിനിമാ നിർമാണവും ഉൾപ്പെടെയുള്ള ബിസിനസുകൾ കൊച്ചിയിൽ തഴച്ചുവളർന്നപ്പോൾ ഒരു അധോലോകം വളരാനുള്ള മണ്ണായി മാറുകയായിരുന്നു ഈ “ഛോട്ടാ മുംബൈ’എന്ന നമ്മുടെ കൊച്ചി.
കേരളത്തിന്റെ വ്യവസായ നഗരം എന്നാണ് കൊച്ചി അറിയപ്പെടുന്നത്. ഓരോ ദിവസവും കൊച്ചി വളർന്നുകൊണ്ടിരിക്കുകയാണ്. സാന്പത്തികമായും വ്യാവസായികമായും മാത്രമല്ല കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കൊച്ചി വളരുകയാണ് എന്നതാണ് ആശങ്കാജനകം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ ചെറുതും തീരദേശനഗരവുമായതിനാൽ ഏതു തരം കുറ്റകൃത്യങ്ങൾക്കും ഉതകുന്ന മണ്ണാണു കൊച്ചിയുടേത്.
വെടിവയ്പുണ്ടായത് സിനിമാ താരം ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിലാണ്. 25 കോടി നൽകണമെന്ന അധോലോക നായകൻ രവി പൂജാരിയുടെ ആവശ്യം നിരസിച്ചതിനു പിന്നാലെയാണു ബ്യൂട്ടീപാർലറിനുനേരെ വെടിവയ്പുണ്ടായതെന്നാണ് അനുമാനം. വെടിവയ്പ് മാത്രമല്ല ലഹരി, സ്വർണം കടത്ത്, ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ളവയുടെ ഹബ്ബായി മാറിയിരിക്കുകയാണു കൊച്ചി. കേരള എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട നടന്നതും കൊച്ചിയിലാണ്.
200 കോടിയുടെ ന്യൂജെൻ ലഹരിമരുന്ന് മൂന്ന് മാസം മുന്‍പാണ് എക്സൈസ് പിടികൂടിയത്. സുരക്ഷിതമായി ലഹരി കയറ്റിയയക്കാനുള്ള സ്ഥലമായി കൊച്ചി മാറിയെന്ന തിരിച്ചറിവാണ് ചെന്നൈയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയകളെവരെ കൊച്ചിയിലേക്ക് എത്തിക്കുന്നത്. കോടിയിൽ കുറയാത്ത പണം പലിശയ്ക്ക് കൊടുക്കുന്ന ഇടമായും കൊച്ചി മാറിക്കഴിഞ്ഞു. പലിശ രാജാവ് മഹാരാജ മഹാദേവൻ ഉൾപ്പെടെയുള്ളവരെ കൊച്ചിയിലത്തിച്ചതും ഈ ഘടകങ്ങൾതന്നെ.
പെണ്‍വാണിഭം
ചില നടിമാരെ കേന്ദ്രീകരിച്ച് കൊച്ചിയിൽ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. നിരവധി റെയ്ഡുകൾ നടത്തി പലരെയും വലയിലാക്കാൻ പോലീസിനു സാധിച്ചിട്ടുണ്ടെങ്കിലും ഉന്നതരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഏതാനും ആഴ്ചകൾക്കുമുന്പ് നടന്ന റെയ്ഡിൽ പിടിയിലായ സിനിമാ സീരിയൽ നടിയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ പോലീസ് തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പല പെണ്‍വാണിഭ ഇടനിലക്കാരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും കേരളത്തിന് പുറത്തുനിന്നും വരെ പെണ്‍കുട്ടികളെ ഇവർ കൊച്ചിയിലേക്ക് എത്തിച്ചിരുന്നതായുമുള്ള വിവരങ്ങളാണ് പോലീസ് നൽകുന്നത്. പെണ്വാണിഭത്തിനൊപ്പം ന്യൂജെൻ ലഹരി വില്പനയും അരങ്ങുതകർക്കുന്നുണ്ട്. കൊച്ചിയിലെ തിരക്കേറിയ പല തെരുവുകളും അർധരാത്രിയിൽ ഒരു ചുവന്ന തെരുവ് പോലെ മാറും. പലയിടത്തും ചെറുകിട പെണ്‍വാണിഭ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പിന്നിൽ വലിയ ശൃംഖല തന്നെ ഉള്ളതായാണു വിവരം.
സംശയമുള്ളവരെ നിരീക്ഷിക്കാൻ വരെ സംവിധാനമുണ്ടത്രേ. ചില ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. രഹസ്യമായി വീഡിയോ എടുത്ത് പിന്നീട് യുവാക്കളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഭവങ്ങളും അരങ്ങേറുന്നു. മാനനഷ്ടം ഭയന്ന് ആരും കേസിനു പിറകെ പോകാറില്ലെന്നു മാത്രം.
കൊലപാതകങ്ങൾ
വെടിവയ്പിലും പെണ്‍വാണിഭത്തിലും ലഹരിയും ഒതുങ്ങുന്ന നഗരമല്ല കൊച്ചി. കൊലപാതക കണക്കുകളിലും മുന്നിൽതന്നെ. 2017ൽ ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കിൽ മെട്രോപോളിറ്റൻ നഗരങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊച്ചിക്കു രണ്ടാം സ്ഥാനമായിരുന്നു.
2018 ലെ കണക്കുകൾ പുറത്തുവരുന്പോൾ ഇതിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. അത്രയ്ക്കുമുണ്ട് കുറ്റകൃത്യങ്ങളുടെ പട്ടിക. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽമാത്രം കഴിഞ്ഞ നവംബർവരെയുള്ള കാലയളവിൽ ഉണ്ടായത് 11 കൊലപാതകങ്ങളാണ്.
സംസ്ഥാനത്ത് മറ്റേത് ജില്ലകളിൽ നടക്കുന്നതിനോക്കാൾ കൂടുതൽ കുറ്റകൃത്യങ്ങളാണ് എറണാകുളം ജില്ലയിൽ അരങ്ങേറുന്നത്. നവംബർവരെയുള്ള കണക്കനുസരിച്ച് 18,616 കേസുകളാണു കൊച്ചി സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വധശ്രമക്കേസുകൾ 28 എണ്ണവും തട്ടിപ്പുകേസുകൾ നാനൂറിനടുത്തും രേഖപ്പെടുത്തി.
ലഹരി വസ്തുക്കൾ
കഴിഞ്ഞ വർഷം എക്സൈസ് അധികൃതർ സംസ്ഥാനത്തുനിന്നു പിടിച്ചെടുത്ത 800 കോടി രൂപയുടെ വിവിധ ലഹരി വസ്തുക്കളിൽ ഭൂരിഭാഗവും കൊച്ചിയിൽനിന്നായിരുന്നു. ഇതിനു പുറമേ കൊച്ചി ഷാഡോ പോലീസിന്റെ നേതൃത്വത്തിലും കോടികളുടെ മയക്കുമരുന്നുകൾ പിടികൂടിയിട്ടുണ്ട്. 7573 കേസുകളിലായാണ് ഇത്രയധികം രൂപയുടെ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടിയിട്ടുള്ളത്.
2014 ൽ 900 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്നിടത്താണു നാലുവർഷത്തിനിപ്പുറം കേസുകളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചത്. 7802 പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. 1883 കിലോഗ്രാം കഞ്ചാവും 2186 കഞ്ചാവ് ചെടികളും കഴിഞ്ഞവർഷം എക്സൈസ് നശിപ്പിച്ചു. 64.3 കിലോഗ്രാം ഹാഷിഷ് ഓയിലും 39 ഗ്രാം ഹെറോയിനും പിടികൂടിയതിനു പുറമേ 39,617 എണ്ണം ഗുളികകളും ആംപ്യൂളുകളും പിടിച്ചെടുത്തു. 31 കിലോ ഗ്രാം എംഡിഎംഎ, 320 ഗ്രാം ബ്രൗണ്‍ഷുഗർ, ആറ് ഗ്രാം എൽഎസ്ഡി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
വിവിധ കേസുകളിലായി 995 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 10,00 ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. ലഹരി ഉപയോഗത്തിൽ കേരളം രണ്ടാം സ്ഥാനത്തു തുടരുന്പോൾ ലഹരിക്കടത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചി മാറിയിട്ടുണ്ട്. കിഴക്കു പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള ലഹരിക്കടത്ത് കൊച്ചി വഴിയാണ്. മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും കൂടുതലും കപ്പൽ മാർഗങ്ങളിൽ എത്തിക്കുന്നതായും അധികൃതർ സംശയിക്കുന്നു.
വാതുവയ്പും ചീട്ടുകളിയും
കൊലപാതവകും പെണ്‍വാണിഭങ്ങളും മാത്രമല്ല കൊച്ചിയിൽ അരങ്ങേറുന്നത്. ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ചുള്ള വാതുവയ്പുവരെ രഹസ്യമായി കൊച്ചിയിൽ നടന്നിരുന്നതായാണു വിവരം. കൂടാതെ ലക്ഷങ്ങൾവച്ചുള്ള ചീട്ടുകളികളും തുടരുന്നു. കഴിഞ്ഞ ഒരു വർഷം ഇത്തരത്തിൽ നിരവധി ചീട്ടുകളി കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കൊച്ചിയിലെത്തി പണംവച്ച് ചീട്ടുകളിയിൽ ഏർപ്പെടുന്നവരുമുണ്ട്. ചൂതാട്ടത്തിന് വരുന്നവർക്ക് പണം കടം കൊടുക്കാൻ വരെയുള്ള സംവിധാനങ്ങളും കൊച്ചിലുണ്ട്. മുന്തിയ വാഹനങ്ങളും ഫോണുകളും ഉൾപ്പെടെ ചിലർ ചൂതാട്ടത്തിനായി വയ്ക്കുന്നുണ്ടത്രേ.
ഒപ്പം ക്വട്ടേഷനും
ചെറുതും വലുതുമായ ക്വട്ടേഷനുകൾ ഒരുപാട് കണ്ടവരാണു കൊച്ചിക്കാർ. ഏതു തരത്തിലുള്ള കേസുകളും ഏറ്റെടുക്കാൻ തയാറായി വിവിധ സംഘങ്ങൾ ഇപ്പോഴുമുണ്ട്. ലഹരിയുണ്ടെങ്കിൽ ക്വട്ടേഷന്റെ ആഴവും വർധിക്കുമത്രേ. ഇതിനായി പുറമേനിന്നുപോലും പലരും കൊച്ചിയിൽവന്നുപോകുന്നുണ്ടെന്നാണു രഹസ്യവിവരങ്ങൾ. തട്ടിക്കൊണ്ടു പോകൽ മുതൽ പലിശയ്ക്കു നൽകിയ പണം തിരികെ ലഭിക്കുന്നതിനുവരെ ക്വട്ടേഷൻ കൊടുക്കുന്നു. ചിലർ തങ്ങളുടെ സ്വന്തം ക്വട്ടേഷൻ സംഘത്തെ പോറ്റി വളർത്തുന്പോൾ മറ്റുചിലർ സഹായ ഹസ്തങ്ങൾവഴി ഇവരുടെ പ്രവർത്തനങ്ങൾ ആവശ്യപ്പെടുകയാണത്രേ. ഇതിനായൊക്കെയായി ലക്ഷങ്ങളാണു മറിയുന്നത്.