കൊച്ചി : അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനു വേദിയാകുന്ന കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണം ഫിഫ അനുവദിച്ചിരിക്കുന്ന സമയപരിധിയായ ഈ മാസം 15നു തന്നെ പൂര്‍ത്തീകരിക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ.
കലൂര്‍ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും നവീകരണ പുരോഗതി വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജോലികളും നല്ല വേഗത്തിലാണു നീങ്ങുന്നത്.
പരിശീലന മൈതാനങ്ങളിലടക്കം പുല്ലുപിടിപ്പിക്കൽ പൂര്‍ത്തിയായി കഴിഞ്ഞു. കലൂര്‍ സ്റ്റേഡിയത്തിലെ ഡ്രെയിനേജുമായി ബന്ധപ്പെട്ട ജോലികള്‍ 15 നുള്ളില്‍ തീര്‍ക്കും. 152 ശുചിമുറികളുടെയും 34 മുറികളുടെയും നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
നിശ്ചിത സമയത്തിനുള്ളില്‍ത്തന്നെ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും.
കൂടുതല്‍ തൊഴിലാളികളെ വച്ചു മൂന്നു ഷിഫ്ടില്‍ ജോലി നടക്കുന്നുണ്ട്. കസേരകള്‍ ഘടിപ്പിക്കുന്ന ജോലികൾ നാലു ദിവസത്തിനുള്ളില്‍ പൂർത്തിയാകും. മേല്പറഞ്ഞ നവീകരണങ്ങളെല്ലാം നിശ്ചിത സമയത്തു തീര്‍ക്കും. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഫിഫസംഘം കഴിഞ്ഞ സന്ദര്‍ശനത്തില്‍ തൃപ്തി രേഖപ്പെടുത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.