വൈപ്പിൻ: മൂന്നു പ്ലസ് വണ്‍ വിദ്യാർഥിനികൾ സ്കൂളിൽ വച്ച് വിഷം കഴിച്ച് ആശുപത്രിയിലായ സംഭവത്തിൽ മജിസ്ട്രേറ്റ് വിദ്യാർഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പോലീസും ഇവരുടെ മൊഴി വീണ്ടുമെടുത്തു. നേരത്തെ ഞാറക്കൽ സിഐക്ക് നൽകിയ മൊഴി വിദ്യാർഥിനികളുടെ നിസഹകരണം മൂലം അപൂർണമായതിനാലാണ് മജിസ്ട്രേറ്റിനെക്കൊണ്ട് മൊഴി എടുപ്പിച്ചത്.
മൂന്നുപേരും ഒരുമിച്ച് വിഷം കഴിച്ചതാണ് ദുരൂഹതയുണ്ടാക്കിയിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. മജിസ്ട്രേറ്റ് എടുത്ത മൊഴിയിൽ കേസെടുക്കേണ്ട എന്തെങ്കിലും സാഹചര്യമുണ്ടെങ്കിൽ പോലീസ് കേസെടുക്കും.
രണ്ടു വിദ്യാർഥിനികൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് വിദ്യാർഥിനികൾ വിഷം കഴിച്ചത്.