തോപ്പുംപടി: ജയലളിതയുടെ മരണം വിശ്വസിക്കാനാവാതെ കൊച്ചിയിലെ തമിഴ്നാട് എന്നറിയപ്പെടുന്ന വാത്തുരുത്തി നിവാസികള്‍. മറ്റുള്ളവര്‍ക്ക് ജയലളിത ഒരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും മാത്രം ആയിരിക്കും. പക്ഷേ, വാത്തുരുത്തികാര്ക്ക് ജയലളിത അമ്മയാണ് പുരൈട്ച്ചി തലൈവിയാണ്. ശോകമൂകമായ അന്തരീക്ഷമാണ് 2000 ത്തോളം തമിഴ് കുടുംബങ്ങള്‍ താമസിക്കുന്ന വാത്തുരുത്തി മേഖല. അമ്മയുടെ ഫോട്ടോ വച്ച് പ്രാര്‍ത്ഥനയും മറ്റും നടത്തി പലരും വീടുകളില്‍ തന്നെ കഴിച്ചുകൂട്ടി. തമിഴ്നാട്ടിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്ത്തിവച്ചതുകൊണ്ടും സംസ്കാരം ഇന്നു തന്നെയായതിനാലും അമ്മയെ അവസാനമായി കാണാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു അവര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ജയലളിത ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നുവെന്ന സന്തോഷ വാര്‍ത്തയ്ക്ക് മേല്‍ പെട്ടെന്നാണ് മരിച്ചെന്ന വാര്‍ത്ത പരന്നത്, ഇവിടത്തുകാര്‍ക്ക് അത് താങ്ങാനാവാ ത്തതിലും അപ്പുറമാണ്. ഒരു ദിവസം പോലും പണിമുടക്കാത്ത അവരില്‍ ഭൂരിഭാഗവും പ്രിയപ്പെട്ട അമ്മയുടെ അസുഖം കലശലായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ജോലിക്ക് പോയിരുന്നില്ല. അസുഖം കടുത്ത വാര്‍ത്ത പരന്നപ്പോള്‍ തന്നെ തമിഴ്നാട്ടിലേക്ക് കുറേയേറെ പേര് പോയിരുന്നു. ജയലളിത ഗുരുതരാവസ്ഥയിലെന്ന വാര്‍ത്ത പരന്നതോടെ പലരും ഭക്ഷണം പോലും ഉപേക്ഷിച്ച് മിക്കവാറും വീടുകളില്‍ ജയലളിതയുടെ ഫോട്ടോ വച്ച് പ്രാര്‍ത്ഥന നടത്തുകയായിരുന്നു.
കേരളത്തിലാണ് താമസിക്കുന്നതെങ്കിലും അമ്മയായിരുന്നു അവര്‍ക്ക് എല്ലാം. അമ്മയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തിലാണ് വാത്തുരുത്തിയിലെ തമിഴാനാട്ടുകാര്. ഏകദേശം അയ്യായിരത്തോളം പേരാണു വാത്തുരുത്തിയില്‍ താമസിക്കുന്നത്. രണ്ടായിരത്തോളം കുടുംബങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവിടെ വന്നു താമസിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ വോട്ടവകാശമുള്ളവര്‍ നൂറില്‍ താഴെ മാത്രമാണ്. ഓരോ വീടുകളിലും അഞ്ചും ആറും കുടുംബങ്ങളുണ്ട്. നിര്‍മാണ ജോലി ഉള്‍പ്പെടെയുള്ള ജോലിക്കെ ത്തിയവ രാണ് അധികവും.