കൊച്ചി: കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ ഭരണാനുമതിയായി. ബോട്ട് യാർഡ് നിർമാണത്തിന് ഒഴികെയുള്ള 7.69 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് 72 കോടി രൂപയുടെ ഭരണാനുമതി സർക്കാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് കെഎംആർഎൽ ആസ്ഥാനത്ത് ഇന്നലെ ലഭിച്ചു.
സ്വകാര്യവ്യക്തിയുടേത് ഒഴികെ സർക്കാർ അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനാണ് ആദ്യഘട്ടത്തിൽ അനുമതി കിട്ടിയിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 2.9 ഹെക്ടർ സ്ഥലമാണു പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. ശേഷിക്കുന്നത് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെയും കൊച്ചിൻ പോർട്ടിന്റെയും മറ്റും ഉടമസ്ഥതയിലുള്ളതാണ്.
ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനാണ് അനുമതി. അനുമതി കിട്ടിയ സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഏറെ നാളത്തെ ചർച്ചകൾക്കും അവ്യക്തതകൾക്കും ശേഷമാണ് വാട്ടർ മെട്രോ പദ്ധതിക്ക് ജീവൻ വച്ചത്. കൊച്ചിയുടെ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിച്ച് ജലമാർഗമുള്ള ഗതാഗതം ശക്തിപ്പെടുത്തുന്നതിനാണ് പദ്ധതി.
2019 ഡിസംബറിൽ വാട്ടർ മെട്രോയുടെ ഒന്നാം ഘട്ടം കമ്മീഷൻ ചെയ്യുമെന്ന് എംഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പെടെ ആകെ 750 കോടിയാണ് പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്. 19 ബോട്ടു ജെട്ടികളാകും നിർമിക്കുക. തേവരയിലും കാക്കനാട് കിൻഫ്രാ പാർക്കിനു സമീപത്തുമായി രണ്ടു ബോട്ട് യാർഡുകൾ നിർമിക്കും.
പൂർണമായും വൈദ്യുതി ഉപയോഗിച്ചുള്ള ബോട്ടുകളാണ് ഉപയോഗിക്കുന്നത്. 16 റൂട്ടുകളിലായി 76 കിലോമീറ്ററാണു നിർദിഷ്ട വാട്ടർ മെട്രോ സർവീസ് നടത്തുക. 2020 ൽ രണ്ടാം ഘട്ടവും പൂർത്തിയാകുന്നതോടെ 78 ബോട്ടുകൾ സർവീസ് നടത്തും. രണ്ടാം ഘട്ടത്തിൽ ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിലേക്കും വാട്ടർ മെട്രോ സർവീസ് എത്തും. ഇതിനായി ബ്രഹ്മപുരത്തുള്ള പാലം പൊളിച്ച് 30 കോടി ചെലവിൽ പുതിയതു നിർമിക്കും.
2016 ജൂലൈയിൽ ശിലാസ്ഥാപനം നടത്തിയ വാട്ടർ മെട്രോ പദ്ധതി, സ്ഥലമേറ്റെടുക്കലിനുള്ള തുക സംബന്ധിച്ച അവ്യക്തത ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ കുടുങ്ങി ഇഴയുകയായിരുന്നു. പദ്ധതിക്കായി 576 കോടി രൂപ കെഎഫ്ഡബ്ല്യു വായ്പയായി നല്കും. 102 കോടിയാണു സംസ്ഥാന സർക്കാർ വിഹിതം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് വാട്ടർ മെട്രോയ്ക്കു ബോട്ടുജെട്ടികൾ നിർമിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കലിന് 72 കോടി അനുവദിക്കാൻ ധാരണയായത്.