കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു. ഹൈക്കോടതി ജംഗ്ഷനിലുള്ള വാട്ടര്‍മെട്രോയുടെ ടെര്‍മിനലില്‍നിന്ന് രാവിലെ ഏഴിനായിരുന്നു ആദ്യ സര്‍വീസ് തുടങ്ങിയത്. നേരെ വൈപ്പിനിലേക്കും അവിടെനിന്ന് മുളവുകാട് വഴി ഹൈക്കോട്ട് ജംഗ്ഷനിലേക്കുമായിരുന്നു മടക്കയാത്ര.
വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍നിന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റയും വൈപ്പിന്‍ നിവാസികള്‍ക്കൊപ്പം കന്നിയാത്രയിലുണ്ടായിരുന്നു. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്.
തിരക്കുള്ള സമയങ്ങളില്‍ ഹൈക്കോടതി- വൈപ്പിന്‍ റൂട്ടില്‍ ഓരോ 15 മിനിറ്റിലും ബോട്ട് സര്‍വീസ് ഉണ്ടാകും. രാത്രി എട്ടുവരെ സര്‍വീസ് തുടരും. വെറ്റില- കാക്കനാട് റൂട്ടിലുള്ള സര്‍വീസ് നാളെ രാവിലെ ഏഴിന് ആരംഭിക്കും.
നൂറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനാകുന്ന ഫ്ളോട്ടിംഗ് ജെട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്ട്രോളിംഗ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തും.
കുറഞ്ഞ നിരക്കില്‍ ശീതീകരിച്ച കായല്‍ യാത്ര
വാട്ടര്‍ മെട്രോയുടെ രണ്ട് റൂട്ടുകളില്‍ 20 മുതല്‍ 40 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടില്‍ 20 രൂപയ്ക്കും വൈറ്റില-കാക്കനാട് റൂട്ടില്‍ 30 രൂപയ്ക്കും സഞ്ചരിക്കാം.
3.34 കിലോമീറ്ററാണ് ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് വൈപ്പിനിലേക്കുള്ള ദൂരം. ഈ ദൂരം താണ്ടാന്‍ മെട്രോ ബോട്ടിന് 20 മിനിറ്റ് മതി. റോഡ് മാര്ഗത്തേക്കള് 10 മിനിറ്റ് കുറവ് സമയത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് വൈപ്പിനിലെത്താം.
5.10 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വൈറ്റില-കാക്കനാട് കായല്‍ യാത്രയ്ക്ക് വാട്ടര്‍മെട്രോ ചാര്‍ജ് 30 രൂപയാണ്. 23 മിനിറ്റുകൊണ്ട് കാക്കനാട് ചിറ്റേത്തുക്കരയിലെ വാട്ടര്‍മെട്രോയുടെ ടെര്‍മിനലില്‍ എത്തിച്ചേരും. റോഡ് മാര്‍ഗം ഇവിടെത്താന്‍ 40 മുതല്‍ 50 മിനിറ്റ് വരെ സമയമെടുക്കും.
ഏഴ് ദിവസത്തേക്കും ഒരുമാസത്തേക്കും മൂന്ന് മാസത്തേക്കും ഒരുമിച്ച് പാസ് എടുക്കാം. ആഴ്ചതോറുമുള്ള പാസിന് 180 രൂപയാണ് നിരക്ക് ഒരു മാസത്തെ പാസിന് 600 രൂപയും ത്രൈസിന് 1500 രൂപയും നല്‍കണം.
വാട്ടര്‍മെട്രോ ടെര്മിനിലിലുള്ള ടിക്കറ്റ് കൗണ്ടറില്‍നിന്ന് പാസ് വാങ്ങാവുന്നതാണ്. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും യാത്ര യ്യാന്‍ സാധിക്കും.