കൊച്ചി: സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ കൊച്ചി നഗരത്തിൽ വർധിച്ചുവരുന്നതായി കണക്കുകള്‍. ഈ വർഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളിൽ സ്ത്രീകള്‍ക്കെതിരേയുള്ള 182 അതിക്രമക്കേസുകളാണു കൊച്ചി സിറ്റി പോലീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ത്തന്നെ 31 കേസുകള്‍ സ്ത്രീപീഡനമാണ്.
കഴിഞ്ഞവര്‍ഷം ഒരോമാസവും ശരാശരി അഞ്ചു സ്ത്രീ പീഡനക്കേസുകളാണു റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിൽ ഈവര്‍ഷം അതു പത്തു കേസുകളായി ഉയർന്നു. ജില്ലയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്യങ്ങൾ ഏറെയും നടക്കുന്നതും കൊച്ചി നഗരത്തിലാണ്. ജില്ലയിൽ 265 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 182 ഉം നഗരപ്രദേശത്താണ്.
രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിനെത്തുടർന്നു സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ നടന്ന ജില്ലയാണ് എറണാകുളം. സ്ത്രീ സൗഹൃദ ജില്ലയാക്കി എറണാകുളത്തെ മാറ്റുമെന്ന പ്രഖ്യാപനങ്ങളും ഇതോടൊപ്പമുണ്ടായി. വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ വരുന്ന സ്ത്രീകള്‍ക്കു താമസിക്കാന്‍ വനിത ഹോസ്റ്റലുകള്‍, ഭയമില്ലാതെ നഗരത്തിലെവിടെയും സഞ്ചരിക്കാന്‍ ഷീ ടാക്സികള്‍, ഷീ ടോയ്ലറ്റുകള്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ എന്നിങ്ങനെ പദ്ധതികളും പ്രഖാപിച്ചു.
പക്ഷേ പലതും നടപ്പായില്ല. നടപ്പായതാകട്ടെ ഫലപ്രാപ്തിയിലെത്തിയതുമില്ല. സ്ത്രീ സുരക്ഷക്കായി പിങ്ക് പോലീസ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ വര്‍ധന അതും ഫലപ്രദമായില്ലെന്നു വ്യക്തമാക്കുന്നു.