കൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയും യെല്ലോ അലര്‍ട്ടും തുടരുന്നു. നാലാം തീയതിവരെ കാലാവസ്ഥ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലടക്കം രാത്രി മുതല്‍ പരക്കെ മഴ പെയ്യുന്നുണ്ട്.
ചില സമയങ്ങളില്‍ ശക്തമായ മഴയുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീവ്രത കുറവാണ്. തീരദേശ മേഖലകളിലാകട്ടെ ഇന്നു രാവിലെ മഴ മാറിനില്‍ക്കുകയാണ്. കൊച്ചി നഗരത്തില്‍ ചിലസമയങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവായിരുന്നു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കഴിഞ്ഞ 29ന് അതി ശക്തിയായ മഴയാണു ജില്ലയില്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്തമഴയില്‍ ഇന്നലെ കൊച്ചി നഗരം വെള്ളക്കെട്ടിലാകുകയായിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരുന്നു.
കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച് രാഷ്ട്രീയ പോരുകള്‍ മുറുകുന്നതിനിടെയാണു നാലാം തീയതിവരെ ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം വന്നിട്ടുള്ളത്.
നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിക്കുമേല്‍ ചാരി തടിയൂരാന്‍ കൊച്ചി കോര്പറേഷന് ശ്രമിക്കവേ ഹൈക്കോടതിയില്നിന്നടക്കം രൂക്ഷവിമര്‍ശനമുണ്ടായത് കോര്‍പ്പറേഷനും തിരിച്ചടിയായി.
വെള്ളക്കെട്ട് ഉണ്ടായതു സംബന്ധിച്ചു നാലിനു ഹൈക്കോടതിയില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്. വെള്ളക്കെട്ടിനു ശാശ്വതപരിഹാരമെന്ന നിലയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓപ്പറേഷന് ബ്രേക്ക് ത്രൂ ഉദേശിച്ച ഫലം കണ്ടില്ലെന്ന ആക്ഷേപമാണ് അന്ന് ഉയര്‍ന്നത്.
പദ്ധതിയുടെ ഭാഗമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിച്ചതായി പദ്ധതിയുടെ സാങ്കേതികസമിതി ചെയര്മാന് ആര്. ബാജിചന്ദ്രന്‍ വ്യക്തമാക്കികൊണ്ടാണു അധികൃതര്‍ ആക്ഷേപത്തെ ചെറുക്കാന്‍ രംഗത്തെത്തിയിരുന്നത്.