കൊച്ചി: രാജ്യാന്തരനിലവാരത്തിന്റെ ഖ്യാതിയുമായി സർവീസ് തുടങ്ങി അഞ്ചാം നാൾ കൊച്ചി മെട്രോ ട്രെയിനിന്റെ കോച്ചുകളിൽ ചോർച്ച. വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പരന്നതോടെ ചോർച്ചയുണ്ടായ കാര്യം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ സ്ഥിരീകരിച്ചു.
ഒരു ട്രെയിനിൽ മാത്രമാണ് ഇത്തരത്തിൽ ചോർച്ച ഉണ്ടായതെന്നും അത്രമാത്രം ഗൗരവമുള്ള കാര്യമല്ല ഇതെന്നും അധികൃതർ പറയുന്നു. എന്നാൽ ഒന്നിലേറെ ട്രെയിനുകളിൽ ചോർച്ച അനുഭവപ്പെട്ടതായി യാത്രക്കാർ ചൂണ്ടിക്കാട്ടി. മഴ വെള്ളമാണു മെട്രോ കോച്ചിനുള്ളിലേക്കു ചോർന്നു വീഴുന്നതെന്ന പ്രചാരണം മെട്രോ അധികൃതർ നിഷേധിച്ചിട്ടുണ്ട്.
കോച്ചുകളുടെ രൂപകല്പന യിലുണ്ടായ തകരാർ കാരണം എയർ കണ്ടീഷൻ വെന്റിലൂടെ വെള്ളം ട്രെയിനിനകത്ത് എത്തിയതാണെന്നാണു വിശദീകരണം. കോച്ചുകളുടെ വശങ്ങളിലൂടെ പുറത്തേക്കു വച്ചിട്ടുള്ള എസിയുടെ ഡ്രെയിൻ പൈപ്പ് വൈദ്യുതി കടന്നുപോകുന്നതിനായി പാളത്തിനു സമാന്തരമായി ഉണ്ടാക്കിയിട്ടുള്ള തേർഡ് ട്രാക്ഷന്റെ കവചത്തിൽ തട്ടിയുണ്ടായ സമ്മർദ്ദത്തിൽ ഡ്രെയിൻ പൈപ്പ് വഴി പുറത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനു തടസമുണ്ടായി. ഇതേത്തുടർന്നുണ്ടായ വിപരീതമർദത്തിൽ വെള്ളം ഇതേ പൈപ്പിലൂടെ തന്നെ തിരികെയൊഴുകി കോച്ചിന്റെ മേലെ ഭാഗത്ത് എത്തുകയും എസിയുടെ ദ്വാരം വഴി കോച്ചിനുള്ളിൽ പതിക്കുകയുമായിരുന്നു.
ഫ്രഞ്ച് കന്പനിയായ അൽസ്റ്റോം ആണു കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിച്ചു നൽകിയത്. പാളത്തിനു സമാന്തരമായി വൈദ്യുതി ബന്ധിപ്പിക്കുന്ന തേർഡ് ട്രാക്ഷൻ ഉപയോഗിച്ചുള്ള മെട്രോകൾക്കായി അൽസ്റ്റോം ആദ്യമായിട്ടാണ് കോച്ചുകൾ രൂപകൽപന ചെയ്യുന്നതെന്നു കെഎംആർഎൽ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോയ്ക്കായി നിലവിലെത്തിച്ചിട്ടുള്ള എല്ലാ കോച്ചുകൾക്കും ഈ പ്രശ്നം ഉണ്ടാകാം. അതുകൊണ്ടുതന്നെ എല്ലാ ട്രെയിനുകളിൽനിന്നും ഡ്രെയിൻ മാറ്റി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്നും അടിയന്തരമായി ഇതു പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.
ഇനി നിർമിച്ചു കൊച്ചിയിലെത്തിക്കുന്ന ട്രെയിനുകളിൽ ഇപ്പോഴത്തെ തകരാർ ഒഴിവാക്കുന്നതിനുള്ള നടപടിയും കൈക്കൊള്ളും. ട്രെയിനിനു രണ്ടു വർഷങ്ങൾക്കകം ഉണ്ടാകുന്ന എല്ലാ പിഴവുകളും അൽസ്റ്റോം തന്നെയാണു പരിഹരിക്കുക. അതേസമയം വിശദമായ പരിശോധനയിലൂടെ മാത്രമേ മഴ വെള്ളമാണോ എസിയിൽനിന്നുള്ള വെള്ളമാണോ കോച്ചിനുള്ളിലേക്കു ചോർന്നതെന്നു പറയാൻ കഴിയൂവെന്നു അൽസ്റ്റോം കന്പനി അധികൃതർ സൂചന നൽകി.
കൊച്ചി മെട്രോയുടെ കോച്ചുകളുടെ കരാർ അൽസ്റ്റോമിനു നൽകുന്ന കാര്യത്തിൽ നിർമാണ ചുമതല വഹിക്കുന്ന ഡിഎംആർസിക്കും മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും ഭിന്നാഭിപ്രായം ഉണ്ടായിരുന്നത് നേരത്തെ വലിയ വാർത്ത ആയിരുന്നു. ആദ്യം കൊച്ചിയിൽ എത്തിച്ച ട്രെയിനിനു 300 ഓളം തകരാറുകൾ ഇവിടെ എത്തിച്ചശേഷം പരിഹരിക്കേണ്ടി വന്നിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു.