കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് വില്പനയും ഉപയോഗവും നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് ഇടപാടുകാരെ സ്വയം പരിചയപ്പെടുത്തിയിരുന്നത് ഐടി കമ്പനി ഉടമയെന്ന പേരിൽ.
മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പിടിക്കപ്പെട്ട കേസിലെ പ്രതികള്‍ക്ക് മയക്കുമരുന്നു നല്കിയിരുന്നതും ജിഹാദായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കരുനാഗപ്പള്ളിയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നായിരുന്നു കൊച്ചിയിലെ അറസ്റ്റ്.
ഐടി കമ്പനി നടത്തുന്നുവെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് ചങ്ങാത്തം സ്ഥാപിച്ചശേഷം ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് വില്‍ക്കുന്നതായിരുന്നു രീതി.
മറ്റു പല ജില്ലകളിലും ഇയാള്‍ക്ക് വാടക വീടുകളും ഫ്ളാറ്റുകളും ഉണ്ട്. നാലു മാസം മുമ്പ് 20,000 രൂപയ്ക്കാണ് ജിഹാദ് മില്ലുപടിയിലെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്.
ഇവിടെ നടന്നിരുന്ന ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വൻകിടക്കാർ വരെ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ആഡംബര കാറുകളും ന്യൂജനറേഷന് ബൈക്കുകളും രാത്രികാലങ്ങളില്‍ ഇവിടെ വന്നുപോകാറുണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു.
സംസ്ഥാനത്തിന് പുറത്തുനിന്നാണ് സംഘത്തിന് മയക്കുമരുന്ന് ലഭിച്ചിരുന്നത്. ജിഹാദിനെ കൂടാതെ അനില, എര്‍ലിന്‍, രമ്യ, അര്‍ജിത്ത്, അജ്മല്‍, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇതിൽ രമ്യ കുടുംബത്തോടൊപ്പം വിദേശത്തു താമസിക്കുന്നയാളാണ്.
കുറച്ചു ദിവസം മുമ്പ് നാട്ടിലെത്തിയ ഇവര്‍ തൃക്കാക്കരയിലെ ഫ്ളാറ്റില്‍ ജിഹാദിനൊപ്പം താമസിച്ച് മയക്കുമരുന്ന് ഉപയോഗിച്ചുവരികയായിരുന്നു.
മറ്റൊരു പ്രതിയായ അജ്മല്‍ മുമ്പ് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ മയക്കുമരുന്നു കേസിലെ പ്രതിയാണ്. ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
പ്രതികളുടെ പക്കല്‍നിന്നു 2.5 ഗ്രാം എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പും ഹാഷ് ഓയിലും ഹാഷിഷും പോലീസ് പിടിച്ചെടുത്തിരുന്നു. പ്രതികളെല്ലാം ഇപ്പോള്‍ റിമാന്‍ഡിലാണ്.