കൊച്ചി: കൊറോണ ഭീതി ഉയർത്തിയ അലയടികൾ കൊച്ചിയുടെ ദൈനംദിന ജീവിതത്തെ പാടെ തകിടം മറിക്കുകയാണ്. ജനത്തിരക്കേറിയ വഴികളൊക്കെ ഇന്ന് ഏറെക്കുറെ വിജനമായിരിക്കുന്നു.
ആളുകൾ കൂട്ടമായി സംഗമിക്കുന്ന ഇടങ്ങളൊക്കെ ഇപ്പോൾ ശൂന്യമാണ്. ജോലിക്കും മറ്റു അത്യാവശ്യ കാര്യങ്ങൾക്കും മാത്രമായി ആളുകളുടെ സഞ്ചാരം.
മെട്രോയിലും ബസിലും ട്രെയിനുകളിലുമൊന്നും ഇപ്പോൾ തിരക്ക് തീരെയില്ല. വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. കൊച്ചി തുറമുഖത്തും കണ്ടെയ്നർ ടെർമിനലിലും കപ്പൽ എത്തുന്നത് വിരളം.
ആളില്ലാത്ത സർവീസുകളായി കൊച്ചിയിലെ ബോട്ടുയാത്രകൾ മാറി. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമൊക്കെ യാത്രക്കാർ തീരെക്കുറഞ്ഞു. ഒരാഴ്ചകൊണ്ട് കൊച്ചിയുടെ ഗതാഗതമേഖല ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്.
വിമാനയാത്രക്കാർ മൂന്നിലൊന്നായി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ ഗണ്യമായി കുറഞ്ഞു. ശരാശരി 126 സർവീസുകളാണ് കൊച്ചിയിൽ നിന്നു ദിവസേന ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അന്താരാഷ്ട്ര, ആഭ്യന്തര ഫ്ളൈറ്റുകളിലായി ദിവസേന 15000 യാത്രക്കാർ വന്നിടത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി യാത്രക്കാരുടെ എണ്ണം 6000 ത്തിൽ താഴെയാണ്. ഇവിടെ നിന്നു ദിവസേന സർവീസ് നടത്തിയിരുന്ന 23 രാജ്യാന്തര ഫൈളറ്റുകൾ റദ്ദാക്കിയിട്ടുണ്ട്.
വിമാന യാത്രക്കാർ കുറഞ്ഞത് പ്രീപെയ്ഡ് ടാക്സി സർവീസ് മേഖലയെയും പ്രതികൂലമായി ബാധിച്ചു. 600 ൽ പരം ടാക്സികളാണ് ഇവിടെ പ്രി പെയ്ഡ് സംവിധാനത്തിൽ മാത്രം സർവീസ് നടത്തുന്നത്. യാത്രക്കാർ കുറഞ്ഞതോടെ ഇതിൽ മൂന്നിൽ ഒന്ന് ടാക്സികൾക്ക് പോലും ഓട്ടം കിട്ടുന്നില്ല.
കപ്പലുകൾ റദ്ദാക്കി; കണ്ടെയ്നർ വരാതായി
കൊച്ചി തുറമുഖത്തും കണ്ടെയ്നർ ടെർമിനലിലും ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 31 വരെ കൊച്ചി വഴി കടന്നുപോകേണ്ടതായ ഒൻപത് ആഡംബര കപ്പലുകൾ കൊച്ചി തുറമുഖത്ത് പ്രവേശിക്കുന്നത് ഒഴിവാക്കി.
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പലുകൾ റദ്ദാക്കിയത്. കൊച്ചി തുറമുഖത്ത് പ്രവേശനം നിരോധിച്ചതായുള്ള വിവരം കപ്പൽ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്.
കൊളംബോ വഴിയും ഗോവ വഴിയും കൊച്ചിയിലെത്തി മുംബൈ, മംഗലാപുരം തുടങ്ങിയ പോർട്ടുകളിലേക്ക് പോകുന്ന അസമാര കോസ്റ്റ, സെലിബ്രിറ്റി കോണ്സ്റ്റുലേഷൻ, വാസ്ഗോഡഗാമ, ആൽബട്രോസ്, സെവൻസീസ് മറൈയ്നർ, വൈക്കിംഗ്സണ് എന്നീ ഒൻപത് കപ്പലുകളാണ് റദ്ദാക്കിയത്. ഈ കപ്പലുകൾ കൊച്ചിയിൽ പ്രവേശിക്കാതെ അടുത്ത സ്ഥലത്തേക്ക് പോകും.
അതേസമയം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സർവീസുകൾ ഷെഡ്യൂൾ പ്രകാരം തുറമുഖത്തുനിന്നു സർവീസ് നടത്തുന്നുണ്ട്. വിദേശികൾക്ക് ലക്ഷദ്വീപ് സന്ദർശിക്കുന്നതിനുള്ള പെർമിറ്റ് താൽക്കാലികമായി റദ്ദാക്കിയിട്ടുള്ളതിനാൽ ലക്ഷദ്വീപ് കാണാൻ പോകുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു.
ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. വല്ലാർപാടത്തുനിന്നുമുള്ള കണ്ടയ്നർ ഇറക്കുമതിയെയും കയറ്റുമതിയെയും കൊറോണ വൈറസ് ഭീതി ബാധിച്ചു.
ഇവിടേക്ക് ചരക്ക് കപ്പലുകൾ വരുന്നത് കുറഞ്ഞതോടെ കണ്ടയ്നറുകളുടെ ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു. കോടികളുടെ വരുമാന നഷ്ടമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ മേഖലയിലുണ്ടായിട്ടുള്ളത്.
നടുവൊടിഞ്ഞ് കെഎസ്ആർടിസി
കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ് കൊറോണ ഭീതിയെത്തുടർന്ന് യാത്രക്കാർ ഗണ്യമായി കുറഞ്ഞ സാഹചര്യം.
എറണാകുളം സോണലിൽ മാത്രം 25നും 30 ലക്ഷത്തിനുമിടയിലാണ് നഷ്ടമുണ്ടായിട്ടുള്ളത്. റിസർവേഷൻ ടിക്കറ്റുകൾ യാത്രക്കാർ റദ്ദാക്കാൻ തുടങ്ങിയതോടെ ദീർഘദൂര സർവീസുകളായ ബംഗളൂരു, കൊല്ലൂർ, മൂകാംബിക തുടങ്ങിയ റൂട്ടുകളിലെ സർവീസുകൾ ചുരുക്കിയിരിക്കുകയാണ്. ആളുകളുടെ എണ്ണം അനുസരിച്ചാണ് നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
എറണാകുളം ഡിപ്പോയിൽ മൂന്നു ലക്ഷത്തോളളം രൂപയും തേവരയിൽ നാല് ലക്ഷത്തോളം രൂപയുമാണ് വരുമാനത്തിൽ കുറവ് വന്നിട്ടുള്ളതെന്ന് ഡിടിഒ വി.എം. താജുദ്ദീൻ പറഞ്ഞു.
പൊതുവേ ആളുകൾ കുറവാണ്. നേരത്തെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ പോലും ആളുകൾ റദ്ദാക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.
നെടുന്പാശേരി എയർപോർട്ട് വഴി പോകുന്ന ബസുകളിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് സംഭവിച്ചിട്ടുള്ളത്.
ട്രെയിനുകൾ കാലി
ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ തോതിലുള്ള കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതിനുപുറമേ യാത്രക്കാർ കൂട്ടത്തോടെ ടിക്കറ്റുകൾ റദ്ദാക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.
ജനറൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പകുതിയോളമാണ് കുറവാണ് സംഭവിച്ചിട്ടുള്ളത്. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകൾ തീരെ തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്.
യാത്രക്കാർ കുറഞ്ഞത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന പ്രീ പെയ്ഡ് ഓട്ടോകൾക്കും തിരിച്ചടിയായിരിക്കുകയാണ്.
മെട്രോയ്ക്കും കഷ്ടകാലം
കോവിഡ് ഭീതി കൊച്ചി മെട്രോ യാത്രയിലും പ്രതിഫലിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനത്തിലേറെ കുറവുണ്ടായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുഖാവരണം ധരിച്ചാണ് അധികം ആളുകളും മെട്രോയിൽ യാത്ര ചെയ്യുന്നത്.
അതേസമയം വിമാനത്താവളത്തിലുള്ളപോലെ പ്രാഥമിക പരിശോധനാ സൗകര്യങ്ങളൊന്നും മെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടില്ല.
തകർന്നടിഞ്ഞ് ടാക്സി മേഖല
ടൂറിസ്റ്റുകളും പ്രഫഷണലുകളും ഏറ്റവും അധികം വന്നുപോകുന്ന കൊച്ചിയിലെ ടാക്സി സർവീസ് മേഖല തകർന്നടിഞ്ഞു. ശബരിമല സീസണുശേഷം അല്പം താഴേക്കുപോയ ഈ മേഖലയെ കൊറോണ ഭീതി പരിപൂർണമായി തളർത്തിക്കളഞ്ഞു.
കല്യാണങ്ങൾക്ക് നിയന്ത്രണം വന്നതിനാൽ വലിയ തിരിച്ചടിയാണ് ടാക്സി മേഖലയിലുണ്ടായത്. വിനോദ സഞ്ചാരികളുടെ വരവ് ഇല്ലാതായതും ടാക്സി മേഖലയെ തളർത്തി.
ബോട്ടുകൾക്കും രക്ഷയില്ല
ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസിനെയും കൊറോണ ബാധിച്ചത് കുറച്ചൊന്നുമല്ല. സാധാരണ നിറഞ്ഞു കവിഞ്ഞ് യാത്ര നടത്തുന്ന ബോട്ട് സർവീസിൽ വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമെ ഇപ്പോഴുള്ളൂ.
ഫോർട്ടുകൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ബോട്ടുകളിലാണ് യാത്രക്കാരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുള്ളത്. നൂറു മുതൽ നൂറ്റന്പത് യാത്രക്കാർ വരെ ഓരോ സർവീസിലും ഉണ്ടാകാറ് പതിവാണ്.
എന്നാൽ കൊറോണ ഭീതി ഉടലെടുത്തതോടെ പശ്ചിമകൊച്ചി നിവാസികൾ യാത്ര ഒഴിവാക്കി വീടുകളിൽ ഒതുങ്ങി കൂടിയിരിക്കുകയാണ്. വൈപ്പിൻ- ഫോർട്ടുകൊച്ചി റോ റോ ജങ്കാർ സർവീസിലും യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണം താരതമ്യേന കുറഞ്ഞു.
രാവിലെ വിവിധയിടങ്ങളിൽ ജോലിക്കു പോകുന്നവരും വൈകുന്നേരം തിരികെ വരുന്നവരുമൊഴിച്ചാൽ മറ്റ് യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്. ഇതുമൂലം ഇരു ജെട്ടികളിലും പതിവ് പോലെ വാഹനങ്ങളുടെ നീണ്ട നിരകൾ ഇപ്പോൾ വിരളമാണ്.
അതേസമയം രണ്ടു ജങ്കാറും ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഷെഡ്യൂളുകൾ ഒന്നും തന്നെ വെട്ടിക്കുറച്ചിട്ടില്ല. രാവിലെ എട്ടു മുതൽ രാത്രി പത്തുവരെ ജങ്കാർ സർവീസുണ്ട്.
ഇതേ പോലെതന്നെ വൈപ്പിൻ- എറണാകുളം റൂട്ടിലെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലും ജോലിക്ക് പോകുന്നവർ മാത്രമേയുള്ളൂ. ഇവരുടെ തിരക്കൊഴിഞ്ഞാൽ പിന്നെ മറ്റു യാത്രക്കാർ തീരെ ഇല്ല.
ആളില്ലാതെ സ്വകാര്യ ബസുകൾ
സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ശരാശരിയിലും താഴെയായിരിക്കുകയാണ്. ഇതോടെ ബസുകളുടെ കളക്ഷൻ 35 ശതമാനമായി കുറഞ്ഞു.
അതേസമയം ബസുകളുടെ സർവീസ് വെട്ടിക്കുറയ്ക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. സത്യൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സർവീസുകൾ തുടരും.
ജീവനക്കാർക്ക് മാസ്ക് അടക്കം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വിപണിയിൽ മാസ്ക് കിട്ടാനില്ലെന്ന് അദ്ദേഹം പറഞ്ഞു
ട്രിപ് കിട്ടാതെ യൂബർ
യാത്രക്കാർ കുറഞ്ഞതോടെ ഓണ്ലൈൻ ടാക്സി രംഗത്തും ട്രിപ്പുകൾ കുറഞ്ഞിരിക്കുകയാണ്. മുന്പ് മുഴുവൻ സമയം യൂബർ ഓടിച്ചിരുന്ന തൊഴിലാളികൾ ദിവസേന 20 ട്രിപ്പുകൾ എടുത്തിരുന്നെങ്കിൽ കൊറോണ സ്ഥരീകരിച്ചതോടെ ഇത് പകുതിയോളമായി കുറഞ്ഞു.
പാർട് ടൈം ആയി യൂബർ ഓടിക്കുന്നവർക്കും നിലവിലെ സ്ഥിതി തിരിച്ചടിയായിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും സ്ഥിരമായി ലഭിക്കുന്ന ഓഫീസ് ട്രിപ്പുകൾക്ക് പുറമേ പൊതുവേ ഓട്ടം കുറഞ്ഞു.
ഉച്ചസമയങ്ങളിൽ ലഭിക്കുന്ന ട്രിപ്പുകളിൽ ഭൂരിഭാഗവും ആശുപത്രികളിലേക്കാണ്. റെയിൽവേ സ്റ്റേഷനുകളിലേക്ക് ലഭിച്ചിരുന്ന ട്രിപ്പുകളിലാണ് വൻ തോതിൽ കുറവുണ്ടായിട്ടുള്ളതെന്നും ഡ്രൈവർമാർ പറഞ്ഞു.
നേരത്തെ രാത്രി കാലങ്ങളിൽ കൊച്ചി നഗരം കേന്ദ്രീകരിച്ച് കുറഞ്ഞത് പത്ത് ട്രിപ്പുകൾ ഓടിയിരുന്നെങ്കിൽ നിലവിൽ അഞ്ചെണ്ണം തികയ്ക്കാൻ പാടുപെടുകയാണെന്ന് യൂബർ ടാക്സി ഡ്രൈവറായ ജിബിൻ പറഞ്ഞു. എയർപോർട്ടിലേക്ക് ലഭിക്കുന്ന ഓട്ടങ്ങളും തീരെ ഇല്ലാതായി.