കൊച്ചി: മാരക ലഹരിവസ്തുക്കളുമായി രണ്ടു യുവതികളടക്കം ഏഴുപേരെ കൊച്ചിയില്‍ പിടികൂടി.
കോഴിക്കോട് സ്വദേശികളായ ശ്രീമോന്, മുഹമ്മദ് ഫാബാസ്, ഷംന, കാസർഗോഡ് സ്വദേശികളായ അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്സല്, തൈബ എന്നിവരാണ് എക്സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.
കാക്കനാടുള്ള ഫ്ളാറ്റില്‍നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിപണിയില്‍ ഒരുകോടി രൂപയോളം വിലവരുന്ന ലഹരിമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, മറ്റ് ലഹരിഗുളികകള്‍ എന്നിവ പ്രതികളില്‍നിന്നും പിടികൂടിയിട്ടുണ്ട്.
എക്സൈസ് പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ 90 ഗ്രാം എംഡിഎംഎയും മൂന്ന് വിദേശ ഇനം നായ്ക്കളും ഉണ്ടായിരുന്നു.
ചെന്നൈയില്‍ നിന്നാണ് ലഹരി മരുന്ന് ഇവര്‍ കൊണ്ടുവന്നിരുന്നതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.
ആഡംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.
സ്ത്രീകളെ ഉപയോഗിച്ചാണ് പ്രധാനമായും മയക്കുമരുന്ന് ഇതരസംസസ്ഥാനങ്ങളില്നിന്നടക്കം കടത്തിയിരുന്നത്.
വിദേശ ഇനത്തില്‍ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നാണ് പലപ്പോഴും ചെക്പോസ്റ്റുകളില്‍ ഇവര്‍ അറിയിച്ചിരുന്നത്.
ചെക്പോസ്റ്റുകളില്‍ വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു സംഘത്തിന്റെ മയക്കുമരുന്ന് കടത്തല്‍.
മുമ്പും ഇവര്‍ ഇത്തരത്തില്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു.
കൊച്ചി നഗരത്തിലും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലും എംഡിഎംഎ വിതരണത്തില്‍ സംഘം ഉള്‍പ്പെട്ടിരുന്നതായാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു ഫ്ലാറ്റില്‍ പരിശോധന നടന്നത്.