കൊച്ചി: പഠനാവശ്യത്തിന് കൊച്ചിയിലെയും മറ്റു സ്ഥലങ്ങളിലെയും ഹോസ്റ്റലുകളിൽ ഉൾപ്പെടെ തങ്ങുന്ന കുട്ടികളുടെമേൽ രക്ഷിതാക്കളുടെ കണ്ണുവേണമെന്നു പോലീസ്. വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിക്കുന്നവരിൽ ചിലർ പഠനാവശ്യത്തിനെന്ന പേരിൽ ഗോവയിലും ബംഗളൂരുവിലും പോകുന്നത് പതിവാണെന്നും ഇവരിൽപ്പെട്ടവരിൽ ചിലർ മയക്കുമരുന്നു വാഹകരാണെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
വിൽപ്പനയ്ക്കായി എത്തിച്ച ഹാഷിഷും കഞ്ചാവും ഹാൻസുമായി പോലീസ് പിടിയിലായ വിദ്യാർഥികളടക്കം എട്ടു പേരെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഇതു സംബന്ധിച്ച വിവരം അധികൃതർക്ക് ലഭിച്ചത്. പഠനാവശ്യത്തിനെന്ന പേരിൽ ഗോവയിലും ബംഗളൂരുവിലും പോകുന്നവരിൽ ചിലരാണു മയക്കുമരുന്നുമായി പിടിയിലാകുന്നതെന്ന് പോലീസ് പറഞ്ഞു. നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്നുമാണ് ഹാഷിഷും കഞ്ചാവും ഹാൻസുമായി എട്ടു പേരെപോലീസ് പിടികൂടിയത്.
ബിടെക് നാലാം വർഷ വിദ്യാർഥികളായ ചേർത്തല പൂച്ചാക്കൽ സ്വദേശി ഉദയൻ (20), ചെമ്മനാട് കോടംതുരുത്ത് സ്വദേശി വിഷ്ണു (20), ചോറ്റാനിക്കര എളയിടത്ത് ഗ്രിഗറി ജോണ് (20) എന്നിവരെ ് ഹാഷിഷുമായി സെൻട്രൽ പോലീസ് പിടികൂടിയപ്പോൾ വിൽപ്പന നടത്തുകയായിരുന്ന 50 ഗ്രാം കഞ്ചാവുമായി ആദിനാട് വിഷ്ണുഭവനിൽ വിമലിനെ (24) നോർത്ത് പോലീസ് പിടികൂടി.
വൈറ്റില ഭാഗത്ത് ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 60 ഗ്രാം കഞ്ചാവുമായി കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഇർഷാദ് (24), മുഹമ്മദ് ഷൻഫിർ (20), മഷൂദ് (26) എന്നിവരെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. വിൽക്കാനായി കൊണ്ടുവന്ന 400 പായ്ക്കറ്റ് ഹാൻസുമായി തൃക്കാക്കര മുളക്കാംപള്ളി ഹസൈനാർ (56) എന്നയാളെ ഇൻഫോപാർക്ക് പോലീസും അറസ്റ്റ് ചെയ്തു.
അസി. കമ്മീഷണർ ടി.ആർ. രാജേഷ്, സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയശങ്കർ, ഷാഡോ എസ്ഐ ജോസഫ് സാജൻ, സെൻട്രൽ എസ്ഐ കെ. സുനുമോൻ, എം.സി. മധു, നോർത്ത് എസ്ഐ ജബ്ബാർ, കടവന്ത്ര എസ്ഐ കിരണ് സി. നായർ എന്നിവരും കൊച്ചി സിറ്റി ഷാഡോ പോലീസും ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.