സ്വന്തംലേഖകന്മാർ
കൊച്ചി, വൈപ്പിൻ, ആലുവ: പുഴയിലും കൈത്തോടുകളിലും വെള്ളം പൊങ്ങിയാല്‍ കടലില്‍ വലയിറക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എന്തു കാര്യം?
പ്രളയസമയത്ത് നാട്ടിലും നഗരത്തിലും അവര്‍ മാലാഖമാര്‍ കണക്കു രക്ഷകരാകും എന്നാണു ലളിതമായ ഉത്തരം. 2018ല്‍ കേരളം മനഃപാഠമാക്കിയ ഈ നന്മയെ 2021 ലും ആ നല്ല തൊഴിലാളികള്‍ നിയോഗമായി കാണുകയാണ്.
ഡാമുകള്‍ തുറക്കുകയും മഴ കനക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയര്‍ന്നേക്കുമെന്നു മുന്നറിയിപ്പു ലഭിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കു കടലോരമേഖലകളില്നിന്നു സന്നദ്ധസേവനത്തിനായി മത്സ്യത്തൊഴിലാളികള്‍ മുൻകൂട്ടി എത്തി.
ചെല്ലാനം, വൈപ്പിന്‍ തീരമേഖലകളില്നിന്നുള്ള നൂറോളം മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ഉപജീവനത്തിനുള്ള വള്ളങ്ങളുമായാണു സന്നദ്ധപ്രവര്‍ത്തനത്തിനു സജ്ജരായി എത്തിയത്. ആലുവ, പറവൂർ, കാലടി, നെടുമ്പാശേരി മേഖലകളിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്.
യന്ത്രസഹായത്തില് വള്ളങ്ങള്‍ വലിയ വാഹനങ്ങളില്‍ കയറ്റിയാണ് വിവിധ മേഖലകളിലേക്ക് എത്തിച്ചത്. ചെല്ലാനത്തുനിന്നു മാത്രം പത്തു വള്ളങ്ങള്‍ ഇന്നലെ പുറപ്പെട്ടു.
വൈപ്പിനിൽനിന്നുമുണ്ട് പത്തോളം വള്ളങ്ങൾ. ഓരോ വള്ളത്തിലും അഞ്ചു വീതം തൊഴിലാളികളും.
പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന്റെ ബോധ്യത്തിൽ ജില്ലാ ദുരന്ത നിവാരണ സമിതി ഇത്തവണ ഇവരുടെ സേവനം മുൻകൂട്ടി തേടിയിരുന്നു.
ആരും ആവശ്യപ്പെട്ടില്ലെങ്കിലും പെരിയാര്‍ തീരങ്ങളിലേക്കു രക്ഷാദൗത്യവുമായി പുറപ്പെടാനുള്ള സജ്ജീകരണങ്ങൾ ചെല്ലാനത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികള്‍ നേരത്തെ ഒരുക്കിയിരുന്നുവെന്നത് മറ്റൊരു കാര്യം.
ഫിഷറീസ്, മത്സ്യഫെഡ്, ഗതാഗതം, റവന്യൂ, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് വള്ളങ്ങള്‍ കാളമുക്ക്, ചെല്ലാനം എന്നിവിടങ്ങളില്‍നിന്ന് കയറ്റിവിടാന്‍ നേതൃത്വം നല്‍കിയത്.
പ്രളയം ഉണ്ടായാല്‍ ഏതുനിമിഷവും അതിവേഗം രക്ഷപ്രവര്ത്തനത്തിനിറങ്ങാന് കടലോര ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ കൂടുതൽ മത്സ്യബന്ധന വള്ളങ്ങള്‍ വൈപ്പിനില്‍ സജ്ജമാണെന്ന് ഞാറക്കല്‍ എസ്ഐ എ.കെ. സുധീര്‍ അറിയിച്ചു.
ആലുവ താലൂക്കിലേക്ക് അനുവദിച്ച 10 മത്സ്യബന്ധന ബോട്ടുകളും ഇന്നലെ എത്തി. ഇതിൽ നാലെണ്ണം കാലടിയിലേക്ക് അയച്ചു.
ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ അൻവർ സാദത്ത് എംഎൽഎയും നാട്ടുകാരും ചേർന്ന് ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും സ്വീകരിച്ചു.
കഴിഞ്ഞ മഹാപ്രളയത്തിൽ ചൂർണ്ണിക്കര പഞ്ചായത്ത് എടമുള മേഖല മുഴുവനായി മുങ്ങിപ്പോയിരുന്നു.
“അന്നെത്തിയത് മാറിയുടുക്കാൻ പോലും ഒന്നും കരുതാതെ’
2018 ല്‍ ആലുവ മേഖലയില്‍ ദിവസങ്ങളോളം രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ഓര്‍മകള്‍ മനസില്‍ സൂക്ഷിച്ചാണു ചെല്ലാനത്തെ മത്സ്യത്തൊഴിലാളി ഷിജി തയ്യിലും സുഹൃത്തുക്കളും ഇന്നലെ കടല്‍ത്തീരത്തുനിന്നു നഗരത്തിലേക്കെത്തിയത്.
അന്നു പ്രളയത്തില്‍ രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായ ആലുവ നഗരം, കമ്പനിപ്പടി എന്നിവിടങ്ങളിലാണ് ഇവര്‍ രക്ഷകരായത്.
അടിയന്തര സാഹചര്യത്തില്‍ മാറിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലും കരുതാതെയാണ് അന്നു രക്ഷാപ്രവര്ത്തനത്തിനെത്തിയതെന്നു ഷാജി ഓർമിക്കുന്നു.
ഏതാനും ദിവസം അവിടെ തങ്ങേണ്ടിവന്നു. അനേകരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കെത്തിക്കാനായതില് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വള്ളവുമായി ഇദ്ദേഹത്തിനൊപ്പം ഷൈജു ആലുംപറമ്പില്‍, ജോര്‍ജ് പള്ളിപ്പറമ്പില്‍, മാര്ട്ടിന് തയ്യില്‍ എന്നിവരുമുണ്ട്.
ഇക്കുറി രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും അത്യാവശ്യം ഭക്ഷണവസ്തുക്കളും അനുബന്ധ സജ്ജീകരണങ്ങളുമായാണു മത്സ്യത്തൊഴിലാളികള്‍ ഇറങ്ങിയിട്ടുള്ളത്.
ഇടുക്കി വെള്ളം ആലുവയിൽ എത്തിയത് അർധരാത്രി
ഇടുക്കി ഡാമില്‍നിന്നുള്ള വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തിയത് രാത്രി 12 നു ശേഷമാണ്.
ഇന്നലെ വൈകിട്ട് 5.10 മുതല്‍ രാത്രി 12.40 വരെ വേലിയേറ്റ സമയമാണ്. ഇതിനുശേഷം 12.40 മുതല്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് വരെ വേലിയിറക്കവും.
ഇടുക്കിയില്‍നിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകി എത്തുന്ന സമയത്ത് വേലിയിറക്കമായതിനാല്‍ വെള്ളം സുഗമമായി ഒഴുകിപ്പോകും.
എന്നാല്‍ ശക്തമായ മഴയുണ്ടായാല്‍ ജലനിരപ്പില്‍ വ്യത്യാസം വന്നേക്കാം. ഈ സാഹചര്യങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ക്യാമ്പുകളിലേക്ക് മാറാനും മടി കാണിക്കരുതെന്നു കളക്ടര്‍ അറിയിച്ചു.