പത്തനാപുരം :കല്ലടയാറിന് കുറുകെ ആറാമത്തെ പാലം യാഥാർത്ഥ്യമാകുന്നു.പത്തനാപുരം -പട്ടാഴി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊച്ചീക്കടവ് പാലത്തിൻറെ ഇൻവസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചു.തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് പാലത്തിന്റെ രൂപരേഖ തയാറാക്കുന്നത് .കെ.ബി ഗണേഷ്കുമാർ എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകി.
നിലവിളക്ക് കൊളുത്തിയാണ് ഇൻവസ്റ്റിഗേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. 2019- 2020 സാമ്പത്തിക വർഷത്തിൽ പാലം നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രൂപരേഖ തയ്യാറാക്കി സർക്കാർ അംഗീകരിച്ച ശേഷമാകും ഫണ്ട് അനുവദിക്കുക.
പത്തനാപുരം ഗാന്ധിഭവന് സമീപത്തെ കടവിനേയും മറുകരയേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കാതെ പത്തനാപുരം , പട്ടാഴി യാത്രകൾ വേഗത്തിലാകും. ആദ്യം തൂക്ക് പാലം നിർമ്മിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കോൺക്രീറ്റ് പാലമെന്ന ആശയത്തിൽ എത്തുകയായിരുന്നു.
പൊതുമരാമത്ത് അസി.എഞ്ചിനീയർ ഭാമ,പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.നജീബ് മുഹമ്മദ് , പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ബി ശ്രീദേവി, എം.ജിയാസുദീന്, എം.ടി ബാബ, എസ്.എ ഷെരീഫ് ,കോട്ടാത്തല പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു .