കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ രണ്ടാം ദിനവും നഗരത്തില്‍ വന്‍ തിരക്ക്.
ആവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ വസ്ത്രശാലകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചതോടെ കൊച്ചി നഗരത്തിലടക്കം ജില്ലയിലെങ്ങും വാഹനത്തിരക്ക് അനുഭവപ്പെട്ടു.
ഇന്നും നാളെയും വാരാന്ത്യ ലോക്ഡൗണ്‍ ആണെന്നതും തിരക്ക് വർധിപ്പിച്ചു. പ്രധാന ജഗ്ഷനുകളില്‍ രാവിലെയും വൈകുന്നേരവും ദീർഘനേരം നീണ്ടുനിന്ന ഗതാഗതക്കുരുക്കുണ്ടായി.
എറണാകുളം ബ്രോഡ്വേയില് സാമൂഹിക അകലം പോലും പാലിക്കാതെയാണ് ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടിയത്. പെന്റാ മേനകയില്‍ മൊബൈല്‍ കടകള്‍ ഒട്ടുമിക്കവയും തുറന്നതോടെ ഇവിടെയും ജനത്തിരക്കായിരുന്നു.
ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകള്‍ അന്വേഷിച്ചെത്തുന്നവരാണ് കൂടുതലും. നിര്‍ധനായ വിദ്യാര്‍ഥികള്‍ക്ക് വിവിധ പദ്ധതികളുടെ ഭാഗമായി സംഘടനകള്‍ നല്കുന്ന ഫോണുകളാണ് നിലവില്‍ കൂടുതലായി വിറ്റഴിയുന്നതെന്നു മൊബൈല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.
പലചരക്ക് കടകളും പച്ചക്കറി മാര്‍ക്കറ്റുകളുമാണ് ജനം തിക്കിത്തിരക്കിയ മറ്റൊരിടം. മാളുകളിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പലതും തുറക്കാതായതോടെ ചെറുകടകളെയാണ് ആളുകൾ സമീപിക്കുന്നത്.
കലൂര്‍ മാര്‍ക്കറ്റ്, എറണാകുളം ബ്രോഡ്വേ, ഇടപ്പള്ളി, വൈറ്റില തുടങ്ങിയ പ്രധാനയിടങ്ങളിലെല്ലാം തന്നെ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടു.
നഗരത്തിലെ വാഹന പാര്‍ക്കിംഗ് മേഖലകള്‍ ഒട്ടുമിക്കവയും നിറഞ്ഞനിലയിലായിരുന്നു. പെന്റാ മേനകയിലടക്കം ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് പ്രദേശത്ത് വാഹന ഗതാഗതക്കുരുക്കിനും കാരണമായി.
സ്വകാര്യ ബസുകളിലെ തിരക്ക് ആദ്യ ദിവസത്തേക്കാള്‍ വര്‍ധിച്ചു. ഒരു മാസത്തിലേറെ നീണ്ടുനിന്ന നിയന്ത്രണങ്ങളില്‍ ഒഴിഞ്ഞു കിടന്നിരുന്ന വൈറ്റില ഹബ്ബില്‍ ഇന്നലെ സാധാരണ ദിവസത്തെപ്പോലെ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു.
രോഗവ്യാപനത്തിന്റെ തീവ്രത ചെറിയതോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് മൂന്നാംതരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ആരോഗ്യവിഭാഗം ആവർത്തിച്ചു നല്കുന്ന മുന്നറിയിപ്പ്.