കൊച്ചി: ലോറിസമരവും മഴക്കെടുതിയും കാരണം പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുത്തനേ ഉയർന്നപ്പോൾ ജനങ്ങളുടെ പോക്കറ്റ് കീറിത്തുടങ്ങി. നിത്യോപയോഗ സാധനങ്ങൾക്കു പൊള്ളുന്നവിലയാണു കടകളിൽ.
ചരക്കുലോറികൾ എത്താതായതോടെ സാധനങ്ങൾക്കു ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അരി ആവശ്യത്തിനു സ്റ്റോക്കുണ്ടെങ്കിലും പഞ്ചസാരയും പയർവർഗങ്ങളും തീർന്നു തുടങ്ങിയതായി വ്യാപാരികൾ പറയുന്നു.
ഗാതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ലോറി ഉടമകൾ ഇന്നലെ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പാക്കാൻ നടപടിയൊന്നുമുണ്ടായില്ല. പച്ചക്കറി ഉൾപ്പെടെ മിക്ക നിത്യോപയോഗ സാധനങ്ങൾക്കും കേരളം ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാൽ സമരം തുടർന്നാൽ സാധനക്ഷാമവും വിലവർധനയും കൂടുതൽ രൂക്ഷമാകും.
ചരക്കുമായി ഏതാനും ലോറികൾ മാത്രമാണ് അതിർത്തി കടന്നു നിലവിലെത്തുന്നത്. വരുന്ന ലോറികൾക്കാകട്ടെ അമിതവാടക നൽകേണ്ടിയും വരുന്നു. ലോറിവാടക വർധിച്ചതും സാധനക്ഷാമവുമാണ് ഇപ്പോഴുള്ള വിലവർധനയ്ക്കു കാരണമെന്ന് എറണാകുളം മാർക്കറ്റിലെ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മാർക്കറ്റിൽനിന്നു സാധനങ്ങളെടുത്തു വിൽക്കുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ കൂടുതൽ വില ഈടാക്കുന്നതായും പറയുന്നു.
വില വർധിച്ചതോടെ കച്ചവടത്തെയും സാരമായി ബാധിച്ചുതുടങ്ങി. മുഴുവൻ സമയവും തിരക്കനുഭവപ്പെടുന്ന എറണാകുളം പച്ചക്കറി മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ പകുതിയായി കുറഞ്ഞിട്ടുണ്ട്. വലിയവില കൊടുത്തു വാങ്ങുന്ന പച്ചക്കറികൾ പോലും വിറ്റുപോകാതെ കെട്ടിക്കിടക്കുകയാണ്. ആളുകൾ അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം വാങ്ങിപോവുന്ന സ്ഥിതിയാണ്.
തമിഴ്നാട്ടിലെ പുളിയംപെട്ടി, ഒട്ടൻചിത്രം, സത്യമംഗലം, മൈസൂരു, ഹുസൂർ, ഉശലംപെട്ടി, മേട്ടുപാളയം, കാനവട എന്നിവടങ്ങളിൽനിന്നും ബംഗളൂരു, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽനിന്നുമാണു മാർക്കറ്റിലേക്കു പച്ചക്കറി എത്തുന്നത്. കനത്തമഴ വിളവെടുപ്പിനെ ബാധിച്ചതോടെ തമിഴ്നാട്ടിൽനിന്നുൾപ്പെടെയുള്ള പച്ചക്കറി വരവ് നേരത്തെതന്നെ കുറഞ്ഞിരുന്നു.
എറണാകുളം മാർക്കറ്റിലെ ഇന്നലത്തെ പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില: അച്ചിങ്ങപയർ-60, വെണ്ട-40, ക്യാരറ്റ്-60, ബീൻസ്-70, പാവയ്ക്ക-50, മുരിങ്ങ-30, തക്കാളി-40, പടവലങ്ങ-35, പച്ചമുളക്-75, സവാള-30, ഉള്ളി-65, ബീറ്റ്റൂട്ട്-50, കാബേജ്-36, കാപ്സിക്കം-90, വെണ്ട-40, കോവയ്ക്ക-45. ചെറുപയർ-90, വൻപയർ-70, പീസ് പരിപ്പ്-60, ഉഴുന്ന്-80, കടല-70, തുവര-80, വറ്റൽ മുളക്-150, ഗോതന്പ്-30, പഞ്ചസാര-40, മൈദ-30, റവ -44, ആട്ട-29, കടല-70.