നെടുന്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടി(സിയാൽ)ൽ പുതുതായി നിർമിച്ച 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള അന്താരാഷ്ട്ര ടെർമിനൽ (ടി 3) ഇന്നു പൂർണമായും പ്രവർത്തനക്ഷമമാകും. രാവിലെ 9.20ന് എയർ ഇന്ത്യയുടെ ദുബായ് ഫ്ലൈറ്റാണ് ആദ്യം പുറന്നുയർന്നു. ഈ ടെർമിനലിൽനിന്നുള്ള ആദ്യത്തെ 1000 യാത്രക്കാർക്ക് സ്വന്തം കാരിക്കേച്ചർ സമ്മാനമായി നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു.
ടി-3യിൽ ചെക്ക് ഇൻ പ്രവർത്തനങ്ങൾ രാവിലെ 6.30ന് തുടങ്ങും. ഉച്ചയ്ക്ക് 12.40ന് എല്ലാ അന്താരാഷ്ട്ര സർവീസുകളും ഇവിടേക്ക് മാറും. ഉച്ചയ്ക്ക് ഒന്നു വരെ അന്താരാഷ്ട്ര ഫ്ലൈറ്റുകളും ടി 1ൽ ആയിരിക്കും വരുന്നത്. ദോഹയിൽനിന്നുള്ള ഖത്തർ എയർവെയ്സ് രാവിലെ 9.40നും കോലാലന്പൂരിൽനിന്നുള്ള മലിൻഡർ എയർ 10.20നും ദമാമിൽ നിന്നുള്ള ജെറ്റ് എയർലൈൻസ് 11.05നും ടി 3-യിലായിരിക്കും വരുന്നത്.
പൂർണമായും പ്രവർത്തനസജ്ജമാകുന്നതിന്റെ മുന്നോടിയായി 150 സിഐഎസ്എഫ് ഭടന്മാർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ടി 3യിലെ സൗകര്യങ്ങൾ വിശദീകരിക്കുന്ന ഫെസിലിറ്റി മാപ്പ് ഡിപ്പാർച്ചർ ഭാഗത്ത് യാത്രക്കാർക്ക് നൽകും.
കേരള കാർട്ടൂണ് അക്കാദമിയുമായി സഹകരിച്ചാണ് യാത്രക്കാർക്ക് സ്വന്തം കാരിക്കേച്ചർ നൽകുന്നത്. 20 കലാകാരന്മാർ ഇതിനായി ഇവിടെയുണ്ടാകും. പ്രമുഖ കാർട്ടൂണിസ്റ്റുമാരായ സുധീർനാഥ്, ഉണ്ണികൃഷ്ണൻ, സജീവ് എന്നിവർ നേതൃത്വം നൽകും.
പുതിയ അന്താരാഷ്ട്ര ടെർമിനലിൽ 50ൽപരം സ്റ്റാളുകളും മെഡിക്കൽ സെന്ററും പ്രവർത്തിക്കുന്നുണ്ട്. കസ്റ്റംസ് എമിഗ്രേഷൻ കൗണ്ടറുകളും ഡ്യൂട്ടി ഫ്രീ ഷോപ്പും നേരത്തെ സജ്ജമാക്കിയിരുന്നു. പുതിയ ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതോടെ കൊച്ചി വിമാനത്താവളത്തിലെ സ്ഥലസൗകര്യം അഞ്ചിരട്ടി വർധിക്കും. പഴയ അന്താരാഷ്ട്ര – ആഭ്യന്തര ടെർമിനലുകൾ ആഭ്യന്തര ടെർമിനൽ മാത്രമായി മാറും.