നെടുന്പാശേരി: വിമാന കന്പനിയുടെ അനാസ്ഥമൂലം നെടുന്പാശേരി വിമാനത്താവളത്തിൽ 12 അന്താരാഷ്ട്ര യാത്രികർക്ക് അനുഭവിക്കേണ്ടിവന്നത് 18 മണിക്കൂറോളം നരകയാതന. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു ഒന്നിനു ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനത്തിൽ ഒാക് ലാന്റിലേക്കു പോകാൻവന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള 12 യാത്രക്കാർക്കാണു ദുരിത പൂർണമായ അനുഭവം ഉണ്ടായത്. യുഎൽ 168 ാം നന്പർ ഫ്ളൈറ്റിൽ കൊളംബോ വഴിയാണു യാത്രക്കാർ ടിക്കറ്റ് എടുത്തിരുന്നത്.
ഈ വിമാനം കൊളംബോയിൽനിന്നും നെടുന്പാശേരിയിലേക്കു വരികേ ആകാശത്തുവച്ച് പക്ഷിയിടിച്ചു. നെടുന്പാശേരിയിൽ ഇറങ്ങിയ വിമാനം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ഫ്ളൈറ്റ് റദ്ദാക്കി. ഈ വിമാനത്തിൽ തിരിച്ചു കൊളംബോയ്ക്കു പോകേണ്ടിയിരുന്നത് 164 യാത്രക്കാരായിരുന്നു. ഒാക് ലാൻഡിലേക്കുള്ള12 പേർ ഒഴിയെ മറ്റെല്ലാവരെയും രാത്രിതന്നെ ഹോട്ടലുകളിലേക്കു മാറ്റിയിരുന്നു. ഒാക് ലാൻഡിലേക്കുള്ള12 യാത്രക്കാരെ രാത്രിയിൽതന്നെ എമിറേറ്റ്സിന്റെ ഫളൈറ്റിൽ ദുബായ് വഴി കയറ്റിവിടാമെന്നാണു പറഞ്ഞിരുന്നത്.
എന്നാൽ എമിറേറ്റ്സിന്റെ വിമാനത്തിൽ ഈ യാത്രക്കാരെ കയറ്റിയില്ല. തുടർന്ന് ഇന്നു രാവിലെ 7.30ന് ഖത്തർ എയർവേഴ്സിൻറെ വിമാനത്തിൽ ദോഹയ്ക്കാണ് ഇവരെ കയറ്റിവിട്ടത്. ഒാക് ലാൻഡിലേക്കുള്ള യാത്രികരിൽ ഭൂരിഭാഗവും സ്ത്രീയാത്രികരായിരുന്നു. ഇവർക്കു താമസ സൗകര്യം ഒരുക്കി നൽകിയില്ലെന്നു മാത്രമല്ല സമയത്ത് ഭക്ഷണവും എത്തിച്ചുനൽകാൻ അധികൃതർ തയാറായില്ല.
വ്യാഴാഴ്ച ഉച്ചയ്ക്കു ഒന്നിനെത്തിയ യാത്രക്കാർ ഇന്നു രാവിലെ 7.30 വരെ വിമാനത്താവളത്തിൽ കഴിഞ്ഞുകൂടേണ്ടിവന്നു. അന്താരാഷ്ട്ര യാത്രികർക്കു നിശ്ചിത സമയം കഴിഞ്ഞാൽ ഹോട്ടലിൽ താമസ സൗകര്യം ഒരുക്കണമെന്നും വിമാനത്താളത്തിൽനിന്നു പോയി വരാനുള്ള സൗകര്യവും എയർലൈൻസ് ക്രമീകരിക്കണമെന്നുമാണ് ചട്ടം.