കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പേരിൽ നടക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിയാൽ അധികൃതർ രംഗത്തെത്തി. എയർപോർട്ട് ലിമിറ്റഡിന്റെ പേരിൽ നിരവധി ഏജൻസികളും വ്യക്തികളും ഉദ്യോഗാർത്ഥികളെ സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് സിയാലിന്റെ മുന്നറിയിപ്പ്.
സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകൾ ഒഴിവുണ്ടെന്നും അതിനായി തങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജൻസികളും തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്ന വെബ്സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്. പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കിൽ നിശ്ചിത തുക ഈ ഏജൻസികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ദിവസവും സിയാലിന് ലഭിക്കുന്നത്.
നിലവിൽ സിയാലിലോ ഉപസ്ഥാപനങ്ങളിലോ തൊഴിൽ ഒഴിവുകളില്ല. ഭാവിയിൽ ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും http://www.cial.aero എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ തസ്തികൾക്കും ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും നിലവിൽ ഒഴിവുകളില്ലാത്ത സാഹചര്യത്തിൽ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട ലിങ്ക് മരവിപ്പിച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെയും വാർത്താക്കുറിപ്പിലൂടെയും സിയാൽ അധികൃതർ അറിയിച്ചു. തൊഴിൽതട്ടിപ്പ് നടത്തിയ ചില ഏജൻസികൾക്കെതിരെ സിയാൽ നിയമനടപടി സ്വീകരിച്ചുകഴിഞ്ഞു. ഇത്തരം വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ [email protected] എന്ന ഇ-മെയിലിൽ അറിയിക്കണമെന്നും നിർദേശമുണ്ട്.