സ്വന്തം ലേഖകൻ
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽ സാന്പത്തിക പ്രതിസന്ധി. ശന്പളവും പെൻഷനും മുടങ്ങി. സർക്കാർ വാഗ്ദാനം ചെയ്ത പത്തുകോടിയുടെ സാന്പത്തിക സഹായം ട്രിപ്പിൾ ലോക്ഡൗണിൽ സെക്രട്ടറിയേറ്റ് അടച്ചതോടെ ഫയൽ മുന്നോട്ടുപോകാതെ കുടുങ്ങി.
ലോക്ഡൗണിന്റെ ആദ്യമാസങ്ങളിൽ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയിൽ നിന്നും വരുമാനത്തിൽ നിന്നും മറ്റുമായി ഏപ്രിൽ, മെയ് മാസങ്ങളിൽ നൽകിയിരുന്നു. ജൂണ്‍ മാസത്തെ ശന്പളവും ജൂലൈ മനാസത്തെ പെൻഷനുമാണ് മുടങ്ങിയിരിക്കുന്നത്.
ബോർഡ് സർക്കാരിലേക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് സംസ്ഥാനസർക്കാർ പത്തുകോടി രൂപ ബോർഡിന് അനുവദിച്ചിരുന്നു. എന്നാൽ അതിനിടെ തിരുവനന്തപുരത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് അടച്ചിട്ടതോടെ ബോർഡിനുള്ള സഹായധനത്തിന്റെ ഫയൽ കുരുങ്ങിക്കിടപ്പാണ്.
അണ്ടർ സെക്രട്ടറിയുടെ ഒരു ഒപ്പുമാത്രമേ ഇനി ഈ ഫയലിൽ ഇനി ആവശ്യമുള്ളു എന്നാണ് അറിയുന്നത്. രണ്ടായിരത്തോളം ജീവനക്കാരും അഞ്ഞൂറോളം പെൻഷൻകാരുമാണ് ശന്പളവും പെൻഷനും മുടങ്ങിയിരിക്കുന്നത്.
തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ ബോർഡിന് 410 കീഴിലുള്ള ക്ഷേത്രങ്ങൾ ജൂണ്‍ ഒന്‍പതിന് തുറന്നെങ്കിലും നാമമാത്രമായ ഭക്തർ മാത്രമാണ് ക്ഷേത്രങ്ങളിലെത്തുന്നത്.
ക്ഷേത്രങ്ങളിലെ വരുമാനം ഏറെക്കുറെ പൂർണമായി നിലച്ചതിന് പുറമെ ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്നും വാടകവരുമാനം കുറഞ്ഞതും ബോർഡിൽ സാന്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലേക്കുള്ള നിത്യനിദാനം പോലും നൽകിയിട്ടില്ലത്രെ.
ട്രിപ്പിൾ ലോക്ഡൗണ്‍ കഴിഞ്ഞ് സെക്രട്ടറിയേറ്റ് തുറന്നുപ്രവർത്തിക്കുന്നതോടെ പത്തുകോടി രൂപയുടെ ഫയൽ മുന്നോട്ടു നീങ്ങുമെന്നാണ് ബോർഡിലെ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷിക്കുന്നത്.
പതിനഞ്ചാം തിയതിയോടെ ശന്പളവും പെൻഷനും നൽകാൻ കഴിയുമെന്നാണ് ജീവനക്കാരോട് ബോർഡധികൃതർ പറഞ്ഞിരിക്കുന്നത്.