മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കലാകാരന്മാരിലൊരാളായിരുന്ന കൊച്ചിന് ഹനീഫ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുകയാണ്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ അദ്ദേഹം ശക്തമായ വേഷങ്ങള്‍ ചെയ്തിരുന്നു. അഭിനേതാവ് എന്നതിനൊപ്പം തന്നെ തിരക്കഥാകൃത്ത്,സംവിധായകന് തുടങ്ങിയ നിലകളിലും അദ്ദേഹം മികവു പുലര്‍ത്തി.
തമിഴ് നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമായുള്ള കൊച്ചിന് ഹനീഫയുടെ അടുപ്പം ഏറെ പ്രശസ്തമായിരുന്നു. സിനിമാ ആരാധകരെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന് ഹനീഫ വിടവാങ്ങിയത്.
വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങള്‍ നല്കി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിന് ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ കുടുംബത്തെ ഇപ്പോള്‍ സഹായിക്കുന്നത് ജനപ്രിയ നായകന് ദിലീപ് മാത്രമാണ്. ഹനീഫയുടെ ഭാര്യ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.
എനിക്ക് സ്വന്തം സഹോദരനെ പോലെയാണ് ദിലീപ്. ദിലീപിനോട് എന്ത് സങ്കടവും പറയാം. നമുക്ക് ആരൊക്കെയോ ഉണ്ട് എന്ന് തോന്നള്‍ ദിലീപുള്ളപ്പോള്‍ ഉണ്ടാകും. ഏത് തിരക്കുകള്‍ക്കിടയിലും, എന്ത് പ്രശ്നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും.
അദ്ദേഹം ഞങ്ങളോട് കാണിയ്ക്കുന്ന കരുതലും ശ്രദ്ധയും വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായും ദിലീപ് സഹായിക്കും.
താരസംഘടനയായ അമ്മയില്‍ നിന്നുള്ള സഹായം എത്തുന്നതിന് മുന്‍പേ ദിലീപിന്റെ കരുതല്‍ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു. സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങള്‍ ഏറെയാണ്.
താന്‍ ചെയ്ത ഉപകാരങ്ങള്‍ പുറത്ത് പറയരുതെന്ന് ദിലീപിന് നിര്‍ബന്ധം ഉള്ളതുകൊണ്ട് കൂടുതലായി ഞാന്‍ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേള്‍ക്കാന്‍ അദ്ദേഹമുണ്ട്. തിരക്കുകള്‍ക്കിടയില്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ വിളിച്ചിട്ട് സോറി ഇത്താ എന്നാണ് ആദ്യം പറയുന്നതെന്നും കൊച്ചിന് ഹനീഫയുടെ ഭാര്യ പറയുന്നു.